മാലിന്യത്തില്‍ നിന്നും ജിപ്‌സം ബ്ലോക്കുമായി ട്രാവന്‍കൂര്‍ ടൈറ്റാനിയം ഏകദിന ശില്പശാല സംഘടിപ്പിച്ചു

post

തിരുവനന്തപുരം :  ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം മലിനീകരണ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ജിപ്‌സം ബ്ലോക്കുകളുടെ ഉപയോഗവും സാധ്യതയും മുന്‍നിര്‍ത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ദി റെസിഡന്‍സി ടവറില്‍ നടന്ന ശില്പശാല മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തിന്റെ അഭിമാനമായ വ്യവസായശാലയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയമെന്നും വിവിധങ്ങളായ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ സ്ഥാപനം മുന്നില്‍ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വില കുറച്ചും ഗുണമേന്‍മയുള്ളതുമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കണം. ഇവയ്ക്ക് സ്ഥിരമായ വിപണി കണ്ടെത്താനാണ് ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയെടുത്ത ഉപോല്പന്നമാണ് റെഡ് ജിപ്‌സം ബ്ലോക്ക്. 46 ശതമാനം റെഡ് ജിപ്‌സത്തോടൊപ്പം 18 ശതമാനം സിമെന്റും 36 ശതമാനം മണലും കൃത്യമായ അളവില്‍ മോള്‍ഡുകളാക്കി ബലപ്പെടുത്തിയാണ് ജിപ്‌സം ബ്ലോക്കുകള്‍  നിര്‍മ്മിച്ചിരിക്കുന്നത്. ഇവ റെയില്‍വേ പ്ലാറ്റ്‌ഫോം നിര്‍മ്മാണം, സിമെന്റ് നിര്‍മ്മാണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയം. ജിപ്‌സം ബ്ലോക്കുപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ തീര സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത് വിജയകരമായിരുന്നു.

ജിപ്‌സം ബ്ലോക്കുകളുടെ കൂടുതല്‍ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ്, കോസ്റ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റി, ഫിഷറീസ് വകുപ്പ്, ഇറിഗേഷന്‍ വകുപ്പ് തുടങ്ങിയ വകുപ്പുകളിലെയും മരിയന്‍ എന്‍ജിനീയറിങ് കോളേജ്. കോസ്റ്റല്‍ അപ്പ് ലിഫ്റ്റ് അസോസിയേഷന്‍ എന്നീ സ്ഥാപനങ്ങളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയിയുടെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ എ.എ.റഷീദ് പറഞ്ഞു.  റിയാബ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ശ്രീകല എസ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്  ലിമിറ്റഡ് എം.ഡി. ജോര്‍ജി നൈനാന്‍, സമീപ ക്രൈസ്തവ ദേവാലയങ്ങളിലെ പുരോഹിതര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.