സ്‌പെഷല്‍ ബാലറ്റ്: ചുമതലകള്‍ നിശ്ചയിച്ചും പ്രവര്‍ത്തികള്‍ വിഭജിച്ച് നല്‍കിയും ഉത്തരവായി

post

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സ്പെഷല്‍ ബാലറ്റുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നിശ്ചയിച്ചും പ്രവര്‍ത്തികള്‍ വിഭജിച്ച് നല്‍കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിറക്കി. ജില്ലയിലെ നിയുക്ത ആരോഗ്യ ഓഫീസര്‍ (ഡി.എച്ച്.ഒ) ആയി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തുകയും സ്‌പെഷല്‍ ബാലറ്റുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏകോപിപ്പിക്കേണ്ടതായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നോഡല്‍ ഓഫീസറായി പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും നിയോഗിച്ചു. പ്രത്യേക പോളിംഗ് ഓഫീസറെ നിയമിക്കുന്നതിനായി ഇ-ഡ്രോപ് നോഡല്‍ ഓഫീസറായ എ.ഡി.എം നെ ചുമതലപ്പെടുത്തി.

ആരോഗ്യ ഓഫീസറുടെ ചുമതലകള്‍

· കോവിഡ് 19 ബാധിതരുടെയും ക്വാറന്റൈനിലുള്ളവരുടെയും പേരു വിവരം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ എട്ടിന് പത്ത് ദിവസം മുന്‍പ് മുതല്‍ ഡിസംബര്‍ ഏഴിന് ഉച്ച കഴിഞ്ഞ് മൂന്നു വരെയുള്ള ലിസ്റ്റ് ഓരോ ദിവസവും പ്രത്യേകമായി തയാറാക്കണം.

· ക്വാറന്റൈന്‍ പൂര്‍ത്തിയായവരും, കോവിഡ് നെഗറ്റീവ് ആയവരും, സ്വന്തമായി ക്വാറന്റെനില്‍ പ്രവേശിച്ചവരും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം. ഡിസംബര്‍ ഏഴിന് ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ ഡിസംബര്‍ എട്ടിന് പോളിംഗ് അവസാനിക്കുന്ന സമയം വരെ (വൈകിട്ട് ആറു വരെ) കോവിഡ് -19 ബാധിച്ചവരുടെയും ക്വാറന്റൈനില്‍ ഉള്ളവരുടെയും ലിസ്റ്റ് ഡിഎംഒ തയാറാക്കണം.

· അതത് ജില്ല തിരിച്ചും മറ്റ് ജില്ലകളിലെ വെവ്വേറെ ആയും ലിസ്റ്റ് 19 എ യില്‍ തയാറാക്കണം.

· 19 എ യിലുള്ള ലിസ്റ്റ് എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് മൂന്നിന് നോഡല്‍ ഓഫീസര്‍ക്ക് നവംബര്‍ 29 മുതല്‍ ക്രമമായി കൈമാറണം.

· കോവിഡ് 19 ബാധിച്ചവരുടെ പേരുവിവരങ്ങള്‍ നവമാധ്യമങ്ങളിലോ വെബ് സൈറ്റിലോ പ്രദര്‍ശിപ്പിക്കരുത്. 19 സി യില്‍ സാക്ഷ്യപത്രം കാലതാമസം കൂടാതെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

19 സി യില്‍ സാക്ഷ്യപത്രം നല്‍കേണ്ടവര്‍:-

1.  പോളിംഗിന് തലേദിവസം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പോളിംഗ് അവസാനിക്കുന്നതു വരെ കോവിഡ് ബാധിതരാകുന്നവര്‍.

2.  വരണാധികാരിക്ക് നേരിട്ട് അപേക്ഷ നല്‍കണം എന്നുള്ള കോവിഡ് രോഗികള്‍.

3. മറ്റ് ജില്ലകളില്‍ സമ്മതിദാന അവകാശമുള്ള കോവിഡ് രോഗികള്‍.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല

(നോഡല്‍ ഓഫീസര്‍ - സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്)

· നിയുക്ത ആരോഗ്യ ഓഫീസര്‍ക്ക് 19 എ യില്‍ വിവരങ്ങള്‍ ശരിയായി പ്രതിപാദിക്കുന്നതിനായി എല്ലാ കൂട്ടിച്ചേര്‍ക്കലും ഉള്‍പ്പെടുത്തിയ വോട്ടര്‍പട്ടിക നല്‍കിയെന്ന് ഉറപ്പുവരുത്തണം. 

· നിയുക്ത ആരോഗ്യ ഓഫീസറില്‍ നിന്ന് ദിനംതോറും ലഭിക്കുന്ന 19 എ പട്ടിക പരിശോധിച്ച് അപൂര്‍ണമായവ പൂരിപ്പിച്ച് ( ഉദാ : ക്രമ നമ്പര്‍, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ മുതലായവ) ന്യൂനത പരിഹരിക്കുക. 

· ഈ പട്ടിക ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുന്‍സിപ്പാലിറ്റി തലത്തിലും മറ്റു ജില്ലകളിലും ക്രമീകരിച്ച് അതത് വരണാധികാരികള്‍ക്ക് അതത് ദിവസം തന്നെ അയച്ചു നല്‍കുക. 

· മറ്റു ജില്ലകളില്‍ നിന്നും ലഭിക്കുന്ന 19 എ പട്ടികയും ഇപ്രകാരം അതത് വരണാധികാരികള്‍ക്ക് അയച്ചു നല്‍കണം.

· ക്വാറന്റൈനില്‍ ഉള്ളവരുടെ ലിസ്റ്റ് ജില്ലാ കളക്ടറുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ട സഹായങ്ങള്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍(എന്‍.ഐ.സി) മുഖേനചെയ്യുക. 

· കോവിഡ് -19 രോഗികളുടെ പേരുവിവരങ്ങള്‍ ഒരു നവ മാധ്യമങ്ങളിലും വെബ് സൈറ്റിലും പ്രദര്‍ശിപ്പിക്കാതിരിക്കുക.

നോഡല്‍ ഓഫീസര്‍-ഇ ഡ്രോപ്

· സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് - നോഡല്‍ ഓഫീസറുടെ അഭ്യര്‍ഥന പ്രകാരം ആവശ്യമായ പ്രത്യേക പോളിംഗ് ഓഫീസര്‍ (എസ്.പി.ഒ) പ്രത്യേക പോളിംഗ് അസിസ്റ്റന്റ് (എസ്.പി.എ) എന്നിവരെ ഉടനടി നിയമിച്ച് നല്‍കണം. 

· ഏതെങ്കിലും സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് നിയമനം ഒഴിവാക്കാനായി അപേക്ഷ ലഭിച്ചാല്‍ അതു പരിശോധിച്ച് ഉടന്‍ പകരക്കാരെ നിയമിക്കണം.

ബ്ലോക്ക് പഞ്ചായത്ത് / മുനിസിപ്പാലിറ്റി വരണാധികാരിയുടെ ചുമതലകള്‍

· പ്രത്യേക ബാലറ്റ് പേപ്പറിന്റെ (എസ്.ബി.പി) നോഡല്‍ ഓഫീസര്‍ അയച്ചു നല്‍കുന്ന 19 എ യിലുള്ള ലിസ്റ്റ് പരിശോധിച്ച് അവര്‍ പ്രത്യേക വിഭാഗം സമ്മതിദായകരാണ് എന്ന ബോധ്യം വരികയാണെങ്കില്‍ വരണാധികാരി പ്രത്യേക പോസ്റ്റല്‍ ബാലറ്റ് നല്‍കണം. 

· ഇതിനായി സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറിന്റെ ക്രമനമ്പര്‍ രേഖപ്പെടുത്താതെ തന്നെ സ്പഷ്യല്‍ ബാലറ്റ് പേപ്പര്‍ സമ്മതിദായകനു നല്‍കി എന്നു സൂചിപ്പിക്കുന്നതിനായി അടയാളപ്പെടുത്തിയ വോട്ടര്‍ പട്ടികയില്‍ ( മാര്‍ക്ക്ഡ് കോപ്പി) സമ്മതിദായകന്റെ പേരിനു നേരെ 'എസ്പിബി' എന്ന് അടയാളപ്പെടുത്തണം.

· സമ്മതിദായകന്റെ ക്രമ നമ്പര്‍, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ കൗണ്ടര്‍ ഫോയില്‍ വേര്‍പെടുത്തി സെക്ഷന്‍ 22 (5) ലെ നടപടിക്രമങ്ങള്‍ - കൗണ്ടര്‍ ഫോയില്‍ ഒരു പാക്കറ്റില്‍ ഇട്ട് മുദ്ര വച്ച്, മുദ്ര വച്ച തീയതിയും അതിന്റെ ഉള്ളടക്കവും സംബന്ധിച്ച് ഒരു ചെറു വിവരണവും എഴുതി വരണാധികാരി സൂക്ഷിക്കണം.

· 'എസ്പിബി' നല്‍കപ്പെട്ട സമ്മതിദായകന്‍ പോളിംഗ് സ്റ്റേഷനില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നില്ല എന്ന് വരണാധികാരി ഉറപ്പുവരുത്തണം.

· അധികാരപ്പെടുത്തിയ ആരോഗ്യ വകുപ്പ് ഓഫീസര്‍ ഫോറം 19 സി യില്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം 19 ഡി പ്രകാരം ഒരു സമ്മതിദായകന്‍ സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറിനായി അപേക്ഷ സമര്‍പ്പിച്ചാല്‍, സാക്ഷ്യപ്പെടുത്തിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിഗണിക്കാതെ തന്നെ സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യണം. 

· എല്ലാ പ്രത്യേക വിഭാഗ സമ്മതിദായകര്‍ക്കും (സ്‌പെഷ്യല്‍ വോട്ടര്‍) വോട്ട് രേഖപ്പെടുത്താന്‍ ആവശ്യമായ 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ ബാലറ്റ് പേപ്പറുകള്‍ പ്രിന്റ് ചെയ്തു എന്ന് ഉറപ്പുവരുത്തണം.

സ്പെഷ്യല്‍ പോളിംഗ് ഓഫീസറുടെ (എസ്.പി.ഒ) ചുമതലകള്‍

· ഫോറം 19 ബി ഒപ്പിട്ടു വാങ്ങുന്നതിനും നിരസിക്കുന്നതിനും സ്‌പെഷ്യല്‍ വോട്ടര്‍ക്ക് അവകാശമുണ്ട്. 

· ഫോറം 19 ബി സ്വീകരിക്കുകയാണെങ്കില്‍ പ്രത്യേക സമ്മതിദായകന്‍ (എസ്വി), സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് മുമ്പായി സമ്മതിദായകന്റെ തിരിച്ചറിയല്‍ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ ഉറപ്പുവരുത്തണം. 

· സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍, ഫോറം 19 ബിയും നല്‍കുന്നതിനോടൊപ്പം സ്‌പെഷ്യല്‍

പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുന്ന നടപടിക്രമങ്ങളെ കുറിച്ച് (രഹസ്യ സ്വഭാവം നില നിര്‍ത്തി) വിവരണം നല്‍കണം.

· രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ച് പ്രത്യേക സമ്മതിദായകന്‍ 23(1) ചട്ട പ്രകാരം വോട്ട് രേഖപ്പെടുത്തി 18ാം നമ്പര്‍ ഫോറത്തിലുള്ള കവറില്‍ ഒട്ടിച്ചു നല്‍കണം. 

· ഫോറം 16ല്‍ (ഡിക്ലറേഷന്‍) സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം.

· പ്രത്യേക സമ്മതിദായകനില്‍ നിന്ന് കൈമാറി കിട്ടിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് ഒരു കൈപ്പറ്റ് രസീത് നല്‍കണം.

· സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റും, അപേക്ഷയും സ്വീകരിക്കുന്ന പ്രത്യേക വിഭാഗം സമ്മതിദായകന്‍, തിരികെ കൈമാറിയില്ലെങ്കില്‍ അത് സ്വീകരിച്ചതിന് തെളിവായി എസ്പിഒ ഒരു രസീത് വാങ്ങേണ്ടതാണ്.

·  സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രത്യേക വിഭാഗം സമ്മതിദായകരുടെ ഫോം 16 സത്യപ്രസ്താവന സാക്ഷ്യപ്പെടുത്താന്‍ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറെയും മെഡിക്കല്‍ ഓഫീസറെയും അധികാരപ്പെടുത്തിയിട്ടുണ്ട്. 

· പ്രത്യേക വിഭാഗം സമ്മതിദായകരുടെ പേര്, മേല്‍ വിലാസം, തിരിച്ചറിയലിനായി ഹാജരാക്കിയ രേഖ, ഒപ്പ് അല്ലെങ്കില്‍ വിരലടയാളം എന്നിവ ഒരു രജിസ്റ്റില്‍ സൂക്ഷിക്കണം. 

· വോട്ട് ചെയ്തു എന്നു സൂചിപ്പിക്കുന്നതിനായി സാക്ഷ്യപ്പെടുത്തിയ പട്ടികയുടെ ( സി.എല്‍) സമ്മതിദായകന്റെ പേരിനു നേരെ ശരി അടയാളം രേഖപ്പെടുത്തണം.

· എസ്പിബി സ്വീകരിക്കാന്‍ വിസമ്മതിക്കുകയോ എസ്പിബി സ്വീകരിച്ച ശേഷം വോട്ട് ചെയ്തു തിരികെ നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം രജിസ്റ്റില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തണം. 

· എസ്പിബി അപേക്ഷ സമര്‍പ്പിച്ചതിനും എല്ലാ ഫോറങ്ങളോടും കൂടി എസ്പിബി സ്വീകരിച്ചു (ചെക്ക് ലിസ്റ്റ് ഉള്‍പ്പെടെ) എന്നതിനു തെളിവായി ഫോം 19 ബി യില്‍ ഒപ്പിട്ടു വാങ്ങണം. 

· മാസ്‌ക് ധരിച്ചുകൊണ്ടും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടുമാകണം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത്. 

· എസ്പിബിയുടെ വിതരണവും ശേഖരണവും വോട്ടെടുപ്പിന്റെ തലേ ദിവസം (ഡിസംബര്‍ ഏഴ്) വൈകിട്ട് ആറിനു മുമ്പ് പൂര്‍ത്തികരിക്കണം.