കാവലാകാന്‍ കുടുംബശ്രീയും

post

കേരളത്തിലെ ആദ്യ സെക്യൂരിറ്റി സേന പയ്യന്നൂരില്‍ 

കണ്ണൂര്‍: സ്ത്രീശാക്തീകരണ രംഗത്തെ മാതൃകാപരമായ സാന്നിധ്യമായി മാറിയ കുടുംബശ്രീ കേരള ചരിത്രത്തില്‍ പുതിയ ഒരേടു കൂടി തുന്നിച്ചേര്‍ക്കുകയാണ്. പുരുഷന്മാര്‍ മാത്രം അടക്കി വാണിരുന്ന സുരക്ഷാ മേഖലയിലേക്ക് ചുവടുവച്ച് പയ്യന്നൂര്‍ നഗരസഭയില്‍ കുടുംബശ്രീയുടെ സെക്യൂരിറ്റി സേന രൂപീകൃതമായി.

പയ്യന്നൂര്‍ നഗരസഭ ഹാളില്‍ നടന്ന പരിപാടി കണ്ണൂര്‍  ജില്ല കലക്ടര്‍ ടിവി സുഭാഷ് ഉദ്ഘാടനം ചെയ്തു. ലോകത്താകമാനം സ്ത്രീകള്‍ എല്ലാ മേഖലകളിലും ഇടപെട്ടു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഇപ്പോഴും ചില കാര്യങ്ങളില്‍ അലിഖിതമായ നിയമങ്ങളും അതിര്‍വരമ്പുകളും നിലനില്‍ക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. പുരുഷന്മാര്‍ക്കു മാത്രം അവകാശപ്പെട്ട ചില മേഖലകള്‍ എന്ന തരംതിരിവുകള്‍ മാറേണ്ട കാലം കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുമ്പോഴും പുരാതനമായ ചിന്തകളാണ് നമ്മെ നയിക്കുന്നത്. സെക്യൂരിറ്റി സേന രൂപീകരിച്ചതിലൂടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് പയ്യന്നൂര്‍ നഗരസഭ കാഴ്ചവച്ചിരിക്കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വെല്ലുവിളികളെ ഏറ്റെടുത്തു കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

28 വനിതകളാണ് സെക്യൂരിറ്റി സേനയില്‍ പ്രവര്‍ത്തിക്കുന്നത്. റിട്ട. ആര്‍മി ഉദ്യോഗസ്ഥനായ രാമചന്ദ്രനാണ് ഇവര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കിയത്. പയ്യന്നൂരും പരിസരങ്ങളിലും ഏതാവശ്യത്തിനും ഇവരുടെ സുരക്ഷ ഇനി ലഭിക്കും. കല്യാണത്തിരക്കുകളിലും മറ്റു ചടങ്ങുകളിലും ഇവരുടെ സേവനം ലഭ്യമാണ്. സ്ത്രീകള്‍ക്ക് സ്വയം തൊഴിലും സാമ്പത്തിക ഭദ്രതയും കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പച്ച ചുരിദാറിനു മുകളില്‍ കരിനീല കോട്ടും തൊപ്പിയും അണിഞ്ഞ കുടുംബശ്രീ സെക്യൂരിറ്റി വിംഗിന്റെ ക്യാപ്റ്റന്‍ എം വി മഞ്ജുളയാണ്. 615 അയല്‍ക്കൂട്ടങ്ങളിലായി പന്ത്രണ്ടായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് പയ്യന്നൂര്‍ നഗരസഭയില്‍ ഉള്ളത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളും നടന്നു വരുന്നുണ്ട്.