ബുറേവി ചുഴലിക്കാറ്റ്; ശക്തി കുറഞ്ഞു

post

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 3 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തുടരുകയാണ് . ഇത് രാമനാഥപുരത്ത് നിന്ന് 40  കിമീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയില്‍ നിന്ന് ഏകദേശം 160 കിമീ ദൂരത്തിലുമാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 55  മുതല്‍ 65 കിമീ വരെയും ചില അവസരങ്ങളില്‍ 75 കിമീ വരെയുമാണ്.

അതിതീവ്ര ന്യൂനമര്‍ദം അടുത്ത 6 മണിക്കൂറില്‍ രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ പതുക്കെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കരയിലേക്ക് പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 50 മുതല്‍ 60 കിമീ വരെയും ചില അവസരങ്ങളില്‍ 70 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 12 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദം വീണ്ടും ശക്തി കുറഞ്ഞു തീവ്ര ന്യൂനമര്‍ദവും (Depression) പിന്നീട് ന്യൂനമര്‍ദവും (Low Pressure Area) ആയി മാറുമെന്നാണ് പ്രവചനം.

കേരളത്തിനുള്ള മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം അതിതീവ്ര ന്യൂനമര്‍ദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുര്‍ബലമാകും. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്നാട്ടില്‍ വെച്ച് തന്നെ ന്യൂനമര്‍ദത്തിലെ കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗത മാത്രമാണ്. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്.

മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.