കാന്‍ഡിഡേറ്റ് സെറ്റിംഗ് 6, 7 തീയതികളില്‍

post

എറണാകുളം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അടങ്ങിയ ബാലറ്റ് പേപ്പറുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ 6, 7 തീയതികളില്‍ നടക്കും. ഇതിനായി ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എസ്.സുഹാസില്‍ നിന്നും വരണാധികാരികള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കൊച്ചി കോര്‍പറേഷന്‍ വരണാധികള്‍ക്കാണ് യന്ത്രങ്ങള്‍ കൈമാറുന്നത്. ഇവര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരിമാര്‍ക്ക് നല്‍കും. ഡിസംബര്‍ നാലിന് ജില്ലയിലെ 10 ബ്ലോക്കുകളിലെ വരണാധികാരികള്‍ യന്ത്രങ്ങള്‍ ഏറ്റുവാങ്ങി. ഡിസംബര്‍ അഞ്ചിന് ബാക്കിയുള്ള നാല് ബ്ലോക്ക് പഞ്ചായത്തുകളിലെയും 13 മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനിലെയും വരണാധികാരികള്‍ക്ക് യന്ത്രങ്ങള്‍ നല്‍കും.  വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തിലാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. സ്ഥാനാര്‍ത്ഥികളുടെ അഭാവത്തില്‍ ഏജന്റിനും പങ്കെടുക്കാം. 

ഒരു വാര്‍ഡില്‍ പതിനഞ്ചില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ അധികമായി ഒരു ബാലറ്റ് യൂണിറ്റുകൂടി ഉള്‍പ്പെടുത്തും. കാന്‍ഡിഡേറ്റ് സെറ്റിംഗിനു ശേഷം മോക്‌പോള്‍ നടത്തി പ്രവര്‍ത്തനം പരിശോധിക്കും. വോട്ടെടുപ്പ് ദിവസം ആദ്യവും മോക്‌പോള്‍ നടത്തിയതിനു ശേഷമായിരിക്കും യന്ത്രങ്ങള്‍ വോട്ടെടുപ്പിന് ഉപയോഗിക്കുക. 

കാന്‍ഡിഡേറ്റ് സെറ്റിംഗ് പൂര്‍ത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും. ഡിസംബര്‍ ഒന്‍പതിന് യന്ത്രങ്ങളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം ഇവിടെ നിന്നും നടത്തും. 

കൊച്ചിന്‍ കോര്‍പറേഷനിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കാന്‍ഡിഡേറ്റ് സെറ്റിംഗ് എറണാകുളം മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തില്‍ ആറിന് ആരംഭിക്കും. 

തൃപ്പൂണിത്തുറ നഗരസഭയുടെ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ ആറിന് ഗവ.ബോയ്‌സ് ഹൈ. സ്‌കൂളില്‍ നടക്കും. മുവാറ്റുപുഴ നഗരസഭയുടേത് മുവാറ്റുപുഴ സ്‌കൗട്ട് ഭവനിലും കോതമംഗലം നഗരസഭയുടേത് ഗവ. ടൗണ്‍ യു.പി. സ്‌കൂളിലും നടക്കും. പെരുമ്പാവൂര്‍ നഗരസഭയിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും, ആലുവ നഗരസഭയിലെ ആലുവ ഗേള്‍സ് ഹൈ സ്‌കൂളിലും കളമശ്ശേരിയിലെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പറവൂര്‍ നഗരസഭയുടേത് ഗവ.എച്ച്.എസ് പറവൂരും അങ്കമാലി നഗരസഭയുടേത് മുനിസിപ്പല്‍ ഓഫീസ് സമുച്ചയത്തിലും ഏലൂര്‍ നഗരസഭയുടേത് ഗാര്‍ഡിയന്‍ ഏഞ്ചല്‍ സ്‌കൂളിലും ഡിസംബര്‍ 6, 7 തീയതികളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടക്കും. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സെറ്റിംഗ് നടത്തുക. 30 ആളുകളില്‍ കൂടുതല്‍ പേരെ സെറ്റിംഗ് നടത്തുന്ന ഹാളില്‍ പ്രവേശിപ്പിക്കില്ല.