തദ്ദേശ തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശമില്ലാതെ

post

പരസ്യ പ്രചരണത്തിന് ഇന്ന് തിരശ്ശീല

കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശമില്ലാതെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന്(ഡിസംബര്‍ 6) തിരശ്ശീല വീഴും. കോവിഡ് വ്യാപനം തടയുന്നതിന്റെ  ഭാഗമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം നിരോധിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിവരെ മാത്രമേ പരസ്യപ്രചരണം പാടുള്ളൂവെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

നിയമലംഘനം നടന്നാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. കൊട്ടിക്കലാശം ഇല്ലെങ്കിലും പ്രധാന ജംഗ്ഷനുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഹനങ്ങള്‍ ഒരുമിച്ചെത്തി കൊട്ടിക്കലാശത്തിന്റെ  പ്രതീതി ജനിപ്പിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചാല്‍  നടപടി ഉണ്ടാവും.

ജാഥകള്‍,  ആള്‍ക്കൂട്ടം ഉണ്ടാകുന്ന മറ്റു പരിപാടികള്‍ എന്നിവയ്ക്കൊന്നും  അനുമതിയില്ല. സ്ഥാനാര്‍ഥികള്‍ പ്രചരണത്തിനായി മൂന്ന് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പ്രചരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്ന് പ്രചരണത്തിന് എത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡില്‍ നിന്ന് പുറത്ത് പോകണം.

രാഷ്ട്രീയ പാര്‍ട്ടികളുടെ നിശബ്ദ പ്രചരണത്തില്‍  സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമായിരിക്കണം വീടുകളില്‍  പ്രചരണം നടത്തേണ്ടത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം  നിശബ്ദ പ്രചരണം.  പ്രചരണ സമയത്ത് സ്ഥാനാര്‍ഥിയോ പ്രവര്‍ത്തകരോ വോട്ടര്‍മാരുടെ വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കരുത്

പൊതുപ്രചരണം അവസാനിച്ച ശേഷം സാമൂഹിക മാധ്യമങ്ങള്‍, ടെലിവിഷന്‍, പത്രമാധ്യമങ്ങള്‍ എന്നിവ വഴിയുള്ള പ്രചരണവും പാടില്ല. തിരഞ്ഞെടുപ്പ് ദിവസം ഗ്രാമപഞ്ചായത്തില്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയുടെ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളിലും വോട്ട് അഭ്യര്‍ത്ഥന നടത്തരുതെന്നും കലക്ടര്‍ അറിയിച്ചു.