പോളിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; രാവിലെ 7 മുതല്‍ വോട്ടെടുപ്പ് തുടങ്ങും
ആലപ്പുഴ: 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് (ഡിസംബര്‍ 8) രാവിലെ 7 മണി മുതല്‍ ആരംഭിക്കും. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ (ഡിസംബര്‍ 7) 18 കേന്ദ്രങ്ങളിലായി നടന്നു. രാവിലെ 8 മണിയോടെ വിതരണകേന്ദ്രങ്ങളില്‍ നിന്ന് പോളിങ് സാമഗ്രികള്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി തുടങ്ങി. കോവിഡ് പശ്ചാത്തലില്‍ തിരക്ക് കുറയ്ക്കുന്നതിന് ഓരോ പഞ്ചായത്തുകള്‍ക്കും വിതരണ കേന്ദ്രത്തില്‍ പ്രത്യേക സമയം അനുവദിച്ചിരിന്നു. ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ് നഗരസഭകളിലുമായാണ് വിതരണ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിരുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പി പിഇ കിറ്റും വിതരണ കേന്ദ്രങ്ങളില്‍നിന്ന് നല്‍കി. വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണനും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ വിവിധ വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. പോളിംഗ് വിവരങ്ങള്‍ അതത് സമയം കൈമാറുന്നതിന് എന്‍ഐ സിയുടെ പോള്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കും. പ്രിസൈഡിങ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും ആപ്പ് ഉപയോഗിച്ച് വിവരങ്ങല്‍ അപ്പപ്പോള്‍ എന്റര്‍ചെയ്യാന്‍ കഴിയും. പോളിങ് ബൂത്തില്‍ നിന്നുള്ള വിവരങ്ങള്‍ അതത് സമയത്ത് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കാനുമുള്ള സജ്ജീകരണം തയ്യാറാക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരെല്ലാം തന്നെ തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിടുള്ള പോളിങ് ബൂത്തുകളിലെത്തി ക്രമീകരണങ്ങള്‍ നടത്തി.
പോളിംഗ് ഡ്യൂട്ടികള്‍ക്കായി 11,355 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 2271 പേരെ റിസര്‍വില്‍ നിര്‍ത്തിയിട്ടുണ്ട്. ജില്ല പോലീസ് മേധാവി പി.എസ്.സാബുവിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളായി തിരിച്ച് ഡിവൈ.എസ്.പിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യവും ഏര്‍പ്പെടുത്തി.
വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറ് വരെയാണ്. ഡിസംബര്‍ ഏഴിന് വൈകിട്ട് 3 മണിക്ക് ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഡിസംബര്‍ എട്ടിന് വൈകിട്ട് ആറിന് മുമ്പ് പോളിങ് ബൂത്തിലെത്തിയാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ആറ് മണിക്ക് ക്യൂവില്‍ നിലവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കും. അതുവരെ വന്ന എല്ലാ സാധാരണ വോട്ടര്‍മാരും വോട്ട് ചെയ്തതിന് ശേഷമാണ് കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം. നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി കോവിഡ് രോഗികള്‍ വൈകീട്ട് അഞ്ചിനു ശേഷം ആറുമണിക്ക് മുമ്പ് പോളിങ് ബൂത്തിലെത്തേണ്ടതാണ്.
കോവിഡ് രോഗികള്‍ പിപിഇ കിറ്റ് ഇട്ടാണ് പോളിങ് ബൂത്തിലെത്തേണ്ടത്. 19 സി ഫോറത്തില്‍ ഡെസിഗ്‌നേറ്റഡ് മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും കോവിഡ് രോഗി ഹാജരാക്കണം. ജില്ലയില്‍ ആകെ 2271 പോളിങ് ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 1989 പഞ്ചായത്തുകളിലും 282 എണ്ണം നഗരസഭകളിലുമാണ്.