തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ല ഒരുങ്ങി

post

23,35345 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പാലക്കാട് ജില്ല ഒരുങ്ങി. 23,35345 വോട്ടര്‍മാരാണ് ഡിസംബര്‍ 10ന്  സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ 1120163 പുരുഷന്‍മാരും 1215168 പേര്‍ സ്ത്രീകളും 14 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 88 ഗ്രാമപഞ്ചായത്തുകളിലേക്കും ഏഴ് മുനിസിപ്പിലാറ്റികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

ജില്ലാ പഞ്ചായത്തിലെ 30 ഡിവിഷനുകളിലേക്ക് 126 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 13 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനുകളിലേക്ക് 636 സ്ഥാനാര്‍ത്ഥികളും 88 ഗ്രാമപഞ്ചായത്തുകളിലെ 1490 വാര്‍ഡുകളിലേക്ക് 5016 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. ഏഴ് മുനിസിപ്പാലിറ്റകളിലെ 234 വാര്‍ഡുകളിലേക്ക് 809 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്.

3000 പോളിംഗ് സ്റ്റേഷനുകള്‍

3000 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ 2707 പോളിംഗ് സ്റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 293 പോളിംഗ് സ്റ്റേഷനുകള്‍ മുനിസിപ്പാലിറ്റികളിലുമാണ്.

പോളിങ് ഡ്യൂട്ടിക്കായി 18000 ജീവനക്കാര്‍

ജില്ലയില്‍ റിസര്‍വ് ജീവനക്കാരുള്‍പ്പെടെ 18000 ജീവനക്കാരെയാണ് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. 3000 പ്രിസൈഡിംഗ് ഓഫീസര്‍മാരേയും 9000 പോളിംഗ് ഓഫീസര്‍മാരേയും 3000 അസിസ്റ്റന്റ് പോളിംഗ് ഓഫീസര്‍മാരേയും പോളിംഗ് സ്റ്റേഷനുകളില്‍ നിയോഗിച്ചിട്ടുണ്ട്. 3000 ഉദ്യോഗസ്ഥരെ റിസര്‍വായി നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ, റവന്യൂ വകുപ്പിലെ ജീവനക്കാരെയും പോളിംഗ് ഡ്യൂട്ടിക്കായി സജ്ജമാക്കിയിട്ടുണ്ട്.

90 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്

ജില്ലയിലെ  90 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24 ബൂത്തുകള്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതും 66 ബൂത്തുകള്‍ പ്രശ്നസാധ്യതയുള്ളതുമാണ്. കൂടാതെ 300 മറ്റ് ബൂത്തുകളില്‍ വീഡിയോഗ്രഫി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്വന്തം ചെലവില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നതാണ്.

വോട്ടിംഗ്: സുരക്ഷയൊരുക്കാന്‍ 5796 പോലീസുകാര്‍

ജില്ലയില്‍ സുഗമമായ പോളിംഗിനായി സുരക്ഷയൊരുക്കുന്നത് 5796 പോലീസുകാര്‍. 12 ഡി.വൈ.എസ്.പിമാര്‍, 60 പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, എസ്.ഐ, എ.എസ്.ഐമാര്‍ ഉള്‍പ്പെടെ 401 പേരും സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരുള്‍പ്പെടെ 4139 പേരും 1184 സ്പെഷല്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെയാണിത്. പ്രശ്നസാധ്യതാ ബൂത്തുകള്‍, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബൂത്തുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ആയുധ പരിശീലനം ലഭിച്ച പോലീസ് വിഭാഗത്തെ നിയോഗിക്കും.

ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 13 ബ്ലോക്ക് പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി ഓരോന്ന് വീതം വോട്ടെണ്ണല്‍ കേന്ദ്രങ്ങളുള്ളത്. ഡിസംബര്‍ 16 നാണ് വോട്ടെണ്ണല്‍ നടക്കുക.

പോളിംഗ് ബൂത്തുകളില്‍ ഹരിതചട്ടം പാലിക്കും

പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. ഡിസ്‌പോസബിള്‍ / നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ തുടങ്ങിയവ അനുവദിക്കില്ല. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകള്‍ സ്ഥാപിക്കും.