പെരുമ്പളം ദ്വീപ് പഞ്ചായത്തില്‍ ഉയര്‍ന്ന പോളിംഗ്

post

ആലപ്പുഴ : കേരളത്തിലെ ഏറ്റവും വലിയ ദ്വീപ്  പഞ്ചായത്തായ പെരുമ്പളം ദ്വീപില്‍ 87.32 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളോട് അതിരുപങ്കിടുന്ന ദ്വീപ് പഞ്ചായത്തായ പെരുമ്പളത്തിനു  പ്രത്യേകതകള്‍ അനവധിയാണ്.  ചേര്‍ത്തല താലൂക്കില്‍ വോട്ടര്‍മാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്താണ് പെരുമ്പളം. 7838 ആണ് ഇവിടുത്തെ വോട്ടര്‍മാരുടെ എണ്ണം. ഇവരില്‍ 3848 പുരുഷന്മാരും 3990 സ്ത്രീകളും ആണുള്ളത്.

 നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പെരുമ്പളം ദ്വീപിലേക്ക്   വോട്ടിംഗ് സാമഗ്രികള്‍ കൊണ്ടുവന്നത്  ജങ്കാറിലാണ്. തലേന്നുതന്നെ ഉദ്യോഗസ്ഥര്‍ ജാങ്കാര്‍ വഴി അവരവരുടെ ബൂത്തുകളിലെത്തി പോളിങ്ങിനുള്ള സംവിധാനങ്ങള്‍ ഒരുക്കി. നിശ്ചിത സമയം ഇടവിട്ട് സര്‍വീസ് നടത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ ബോട്ടുകള്‍ ഉദ്യോഗസ്ഥരെ  കൃത്യസമയത്ത് ദ്വീപില്‍ എത്താന്‍ സഹായിച്ചു. ദ്വീപിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അത്യാവശ്യഘട്ടങ്ങളില്‍ മറുകരയില്‍ എത്താന്‍ ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ടും  തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സജ്ജീകരിച്ചിരുന്നു. ദ്വീപിന് അകത്തുള്ള യാത്രകള്‍ സുഗമമാക്കാന്‍ ആവശ്യമുള്ള വാഹനങ്ങളും സജ്ജമായുണ്ടായിരുന്നു. 13 വാര്‍ഡുകളിലായി 13 പോളിംഗ് സ്റ്റേഷനുകളാണ് പെരുമ്പളം പഞ്ചായത്തില്‍ ഒരുക്കിയിരുന്നത്.  ദ്വീപിലെ  നാല് സ്‌കൂളുകളിലും പോളിംഗ് സ്റ്റേഷനുണ്ട്. 16.14 ചതുരശ്ര കിലോമീറ്ററാണ് പെരുമ്പളം പഞ്ചായത്തിന്റെ വിസ്തൃതി. അഞ്ചുകിലോമീറ്റര്‍ നീളമുണ്ട്. രണ്ട് കിലോമീറ്ററാണ് ദ്വീപിന്റെ വീതി.