'ബാലമിത്ര' കുഷ്ഠരോഗ നിർമാർജന രംഗത്ത് പുതിയ ചുവടുവയ്പ്പ്

post


**അങ്കണവാടി കുട്ടികൾക്കായുള്ള കുഷ്ഠരോഗ നിർണയ പരിപാടി


കുഷ്ഠരോഗ നിർമാർജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് 'ബാലമിത്ര' എന്ന പേരിൽ അങ്കണവാടി കുട്ടികൾക്കായുള്ള കുഷ്ഠരോഗ നിർണയ പരിപാടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഷ്ഠരോഗ നിർമാർജന പരിപാടിയിലൂടെ കഴിഞ്ഞ വർഷം 311 മുതിർന്നവരെ പുതുതായി കണ്ടെത്തി ചികിത്സിച്ചു.


കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ 5 വർഷങ്ങളിൽ 49, 60, 52, 9, 17 എന്നിങ്ങനെയായിരുന്നു. ഇത് ശരാശരി 7.2, 9.4, 8.5, 7.7, 2.8 ആണ്. സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തിന് 1.2ൽ നിന്ന് 0.6ന് താഴെയായി കുറച്ചുകൊണ്ടു വരേണ്ടതുണ്ട്. കൂടാതെ കുഷ്ഠരോഗം മൂലം കുട്ടികളിൽ അംഗവൈകല്യം ഉണ്ടാകുന്നവരുടെ എണ്ണം പൂജ്യം ആയി നിലനിർത്തേണ്ടതുമുണ്ട്. ഈയൊരു ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് 'ബാലമിത്ര' ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം സംസ്ഥാനത്ത് കണ്ടുപിടിച്ച കുഷ്ഠരോഗ ബാധിതരിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടുപിടിക്കേണ്ടതുണ്ട്. ഇതിലൂടെ അംഗവൈകല്യം ഒഴിവാക്കാനാകും. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടുപിടിച്ച് വിവിധ ഔഷധ ചികിൽസ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം വൈകല്യം സംഭവിച്ച കുട്ടികൾ ഇല്ലാത്ത അവസ്ഥ നിലനിർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.


പരിപാടിയുടെ ഭാഗമായി ജില്ലാ ലെപ്രസി ഓഫീസർമാരുടെ നേതൃത്വത്തിൽ അങ്കണവാടി വർക്കർമാർക്ക് കുഷ്ഠരോഗത്തെ കുറിച്ച് പരിശീലനവും ബോധവത്ക്കരണവും നൽകും. രോഗ ലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകരെത്തി പരിശോധിച്ച് തുടർന്നുള്ള രോഗനിർണയവും ചികിൽസയും ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം അവരുടെ കുടുംബാംഗങ്ങളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വനിത ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻ വകുപ്പ്, ഐറ്റി അറ്റ് സ്‌കൂൾ തുടങ്ങിയവയുമായുള്ള ഏകോപിത പ്രവർത്തനങ്ങളിലൂടെയാണ് ഈ ക്യാമ്പയിൻ നടത്തുന്നത്. ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 29 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പത്തനംതിട്ട നാരങ്ങാനം 22-ാം നമ്പർ അങ്കണവാടിയിൽ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.