പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: ജില്ലയിലെ പ്രവര്‍ത്തനം മികച്ചത്

post

പത്തനംതിട്ട: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് ജില്ലയുടെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറായ ആയുഷ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് പറഞ്ഞു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍.

 ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു, എന്തൊക്കെ പ്രശ്നങ്ങളാണുള്ളത്, അവ എങ്ങനെ പരിഹരിക്കാം തുടങ്ങിയകാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ആഴ്ചയില്‍ ഒരിക്കല്‍ ഒരു മണിക്കൂര്‍ വില്ലേജ് ഓഫീസുകളില്‍ സൗജന്യമായി പേരു ചേര്‍ക്കാന്‍ സൗകര്യമൊരുക്കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടര്‍ പട്ടിക നല്‍കണം. പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, താലൂക്ക് ഓഫീസുകളില്‍ വോട്ടര്‍ പട്ടികയും, ബിഎല്‍ഒമാരുടെ പേരുവിവരങ്ങളും പ്രസിദ്ധീകരിക്കണം. സ്‌കൂള്‍, കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള സംവിധാനമൊരുക്കണം. അതിനായി സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും കൂടുതല്‍ പ്രചാരണം നല്‍കണമെന്നും ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ നിര്‍ദേശം നല്‍കി.

ഡിസംബര്‍ 31 വരെയാണ് ജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും നീക്കം ചെയ്യാനുമുള്ള സമയം. ഡിസംബര്‍ 31 എന്ന തീയതി നീട്ടിനല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിവരം സിഇഒയെ അറിയിക്കുമെന്ന് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍ ഉറപ്പു നല്‍കി.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, സിപിഐഎം പ്രതിനിധി പ്രൊഫ. ടി.കെ. ജി. നായര്‍, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ഡിസിസി ജനറല്‍ സെക്രട്ടറി ജി.രഘുനാഥ്, ബിജെപി പ്രതിനിധി ആര്‍.ജയകൃഷ്ണന്‍, കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോണ്‍ പോള്‍ മാത്യു, ആര്‍എസ്പി. പ്രതിനിധി തോമസ് ജോസഫ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.