ഭക്തര്‍ക്ക് ആശ്വാസമായി സന്നിധാനത്തെ അന്നദാന മണ്ഡപം

post

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഭക്ഷണവുമായി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം ദിവസം മുഴുവന്‍ സജീവം. കോവിഡ് പശ്ചാത്തലത്തില്‍ സന്നിധാനത്തും പരിസരങ്ങളിലും മറ്റ് ഭക്ഷണശാലകള്‍ പരിമിതമായതിനാല്‍ ദര്‍ശനത്തിനെത്തുന്ന ഭൂരിഭാഗം ഭക്തരും മാളികപ്പുറത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തെയാണ് ആശ്രയിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും മറ്റ് ദിനങ്ങളില്‍ 2000 പേര്‍ക്കുമാണ് മൂന്ന് നേരം വീതം ഇവിടെ ഭക്ഷണം തയാറാക്കുന്നത്.

രാവിലെ ആറു മുതല്‍ 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും. 11.30 മുതല്‍ ഉച്ചക്ക് രണ്ടു  വരെയാണ് ഉച്ചഭക്ഷണ വിതരണം. 4.30 മുതല്‍ ആരംഭിക്കുന്ന വൈകിട്ടത്തെ ഭക്ഷണ വിതരണം രാത്രി ഒന്‍പതിന് നട അടയ്ക്കുന്നത് വരെയുണ്ടാവും. ഇതോടൊപ്പം എല്ലാ സമയവും ചൂടാക്കിയ വെള്ളവും, ദാഹശമനിയും നല്‍കുന്നുണ്ട്.

1800 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള പുതിയ അന്നദാന മണ്ഡപത്തില്‍ ഇപ്പോള്‍ 100 പേരെയാണ് സാമൂഹിക അകലം പാലിച്ച് ഒരുമിച്ചിരുത്തി ഭക്ഷണം നല്‍കുന്നത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയ ശേഷം മാത്രമാണ് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും ഹാളിലേക്ക് പ്രവേശനം നല്‍കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് ഡിസ്പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ചാണ് ഭക്ഷണം നല്‍കുന്നത്. ഉപയോഗ ശേഷം ഇവ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുകയും ദിവസം രണ്ട് പ്രവശ്യമായി  ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് സംസ്‌കരിക്കുകയുമാണ് ചെയ്യുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജീവനക്കാര്‍ ഭക്ഷണ വിതരണം നടത്തുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ തന്നെ ഡസ്‌ക്, കസേര, തറ എന്നിവിടങ്ങളെല്ലാം അണുവിമുക്തമാക്കിയ ശേഷമാണ് അടുത്ത ഘട്ടം ഭക്തരെ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഇതിന് പുറമേ ദിവസം മൂന്ന് പ്രാവശ്യം ഹാള്‍ മുഴുവന്‍ അണുവിമുക്തമാക്കി ശുചീകരിക്കുകയും ചെയ്യും. ഇതോടൊപ്പം മണ്ഡപത്തിലെ ശുചിമുറികളും ടാപ്പും പരിസരങ്ങളും ശുചീകരിക്കുന്നുണ്ട്.

പാചകത്തിനായി 10 ജീവനക്കാരാണുള്ളത്. വിതരണത്തിന് ആറു സ്ഥിരം ജീവനക്കാരും അഞ്ചു താല്‍ക്കാലിക തൊഴിലാളികളുമുണ്ട്. ഇതോടൊപ്പം ഡൊണേഷന്‍ കൗണ്ടറില്‍ നാലു പേര്‍ കൂടി ഡ്യൂട്ടിയിലുണ്ടാവും. ഇതിന് പുറമേ സന്നിധാനത്തെ പോലീസ് സേനാംഗങ്ങളും അന്നദാന മണ്ഡപത്തിലുണ്ടാവും.

ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന ഭക്തരുടെ എണ്ണം കൂടുതലായതിനാല്‍ മലയാളത്തിന് പുറമേ വിവിധ ഭാഷകളിലും അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണത്തെക്കുറിച്ച് ഇടക്കിടെ അനൗണ്‍സ്മെന്റും നടത്തുന്നുണ്ട്.

അത്യാധുനിക ഉപകരണങ്ങളും പത്രങ്ങളുമാണ് അടുക്കളയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പാചക വാതകം ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കുന്നത്. അത്യാഹിതം ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉപകരണങ്ങളും അടുക്കളയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണത്തോടെയാണ് ജീവനക്കാരെപോലും അടുക്കളയിലേക്ക് പ്രവേശിപ്പിക്കുന്നത്. പുറമേ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് കടക്കാനാവില്ല.

ദേവസ്വം ബോര്‍ഡ് അസി. എക്സിക്യൂട്ടീവ് ഓഫീസര്‍ക്കാണ് അന്നദാന മണ്ഡപത്തിന്റെ പൂര്‍ണ ചുമതല. ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലുള്ള ആളാണ് അന്നദാനം സ്പെഷല്‍ ഓഫീസര്‍. ഇതിന് കീഴില്‍ അമ്പലപ്പുഴ, ഏറ്റുമാനൂര്‍, ഉള്ളൂര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് അന്നദാന മണ്ഡപത്തില്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കുള്ള മുറികളും ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള താമസ സൗകര്യവും അന്നദാന മണ്ഡപത്തിന് സമീപത്തായുണ്ട്.