തദ്ദേശ തിരഞ്ഞെടുപ്പ്: വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പോലീസ്

post

കാസർകോട്: തദ്ദേശഭരണ തെരെഞ്ഞടുപ്പ് പോളിംങ് ദിനത്തില്‍  വിപുലമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ പോലിസ്.  ജില്ലയെ എട്ട് പോലിസ് സബ്ഡിവിഷനുകളാക്കി ഓരോന്നിന്റെയും ചുമതല ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. മഞ്ചേശ്വരം, കുമ്പള എന്നീ പോലിസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി കുമ്പള സബ് ഡിവിഷനും, കാസറകോട്, മേല്‍പ്പറമ്പ എന്നീ പോലിസ് സ്റ്റേഷനുകളെ  ഉള്‍പ്പെടുത്തി കാസര്‍കോട് സബ് ഡിവിഷനും, വിദ്യാനഗര്‍, ബദിയടുക്ക പോലിസ് സ്റ്റേഷനുകളെ  ഉള്‍പ്പെടുത്തി ബദിയടുക്ക സബ് ഡിവിഷനും, ആദൂര്‍, ബേഡകം പോലിസ് സ്റ്റേഷനുകളെ  ഉള്‍പ്പെടുത്തി ആദൂര്‍ സബ് ഡിവിഷനും, ബേക്കല്‍, അമ്പലത്തറ പോലിസ് സ്റ്റേഷനുകളെ  ഉള്‍പ്പെടുത്തി ബേക്കല്‍ സബ് ഡിവിഷനും, ഹോസ്ദുര്‍ഗ്, നീലേശ്വരം പോലിസ് സ്റ്റേഷനുകളെ  ഉള്‍പ്പെടുത്തി ഹോസ്ദുര്‍ഗ് സബ് ഡിവിഷനും, ചന്തേര, ചീമേനി എന്നീ പോലിസ് സ്റ്റേഷനുകളെ  ഉള്‍പ്പെടുത്തി ചന്തേര സബ് ഡിവിഷനും, വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍, രാജപുരം എന്നീ പോലിസ് സ്റ്റേഷനുകളെ  ഉള്‍പ്പെടുത്തി രാജപുരം സബ് ഡിവിഷനുമായാണ് പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍

ജില്ലയില്‍ എസ്.ഐ/എ.എസ്.ഐ മാരുടെ നേതൃത്വത്തില്‍ 76 ഗ്രൂപ്പ് പട്രോളിംങ് തെരെഞ്ഞെടുപ്പ് തലേദിവസം  രാവിലെ മുതല്‍  പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

ഓരോ പോലിസ് സ്റ്റേഷനുകളിലും രണ്ടു വീതം മൊത്തം 34  ലോ ആന്റ് ഓര്‍ഡര്‍ പട്രോളും എസ്.ഐമാരുടെ നേത്യത്വത്തില്‍ ഏര്‍പ്പെടുത്തി.

ജില്ലയിലെ 17 പോലിസ് സ്റ്റേഷനുകളിലും ആക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഓരോ വീതം സ്‌ട്രേക്കിംഗ് പാര്‍ട്ടിയെ നിയോഗിച്ചു.

എട്ട് സബ് ഡിവിഷനുകളിലും ഡി.വൈ.എസ്.പി മാരുടെ കീഴില്‍ ഓരോവീതം സ്‌ട്രേക്കിംഗ് പാര്‍ട്ടിയെയും ഏര്‍പ്പെടുത്തി.

ജില്ലാ പോലിസ് മേധാവിക്ക് കീഴീല്‍ ജില്ലയില്‍ മൂന്ന് സ്‌ട്രേക്കിംഗ് ടീമിനെയും സംസ്ഥാന പോലിസ് മേധാവി, എ.ഡി.ജി.പി(ക്രമസമാധാനം), ഉത്തരമേഖല ഐ.ജി.പി  കണ്ണൂര്‍ റെഞ്ച് ഡി.ഐ.ജി എന്നിവരുടെ കീഴില്‍ ഓരോ വീതം സ്‌ട്രേക്കിംഗ് പാര്‍ട്ടിയെയും  ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വിന്യാസിപ്പിച്ചു.

18 ജില്ലാ അതിര്‍ത്തികളില്‍ വാഹനപരിശോധനയ്ക്കും മറ്റുമായി ബോര്‍ഡര്‍ സീലിംങ് ഏര്‍പ്പെടുത്തി.

ജില്ലയില്‍ ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 50 ഓളം സ്ഥലങ്ങളില്‍ കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പിക്കറ്റു പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി.

ജില്ലയിലെ 1409 പോളിംങ് ബൂത്തുകളിലും പോലിസ്/സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാരെയും, പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പോലിസിനെ നിയോഗിച്ചു. 

വോട്ടിംങ് മെഷനുകള്‍ സൂക്ഷിക്കുന്ന ജില്ലയിലെ 9 സ്ഥലങ്ങളിലും സായൂധ പോലിസ് ഗാര്‍ഡ് ഏര്‍പ്പെടുത്തി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ഓഫീസര്‍മാരടക്കം മൊത്തം 2421 പോലിസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

ജില്ലാ പോലീസ് കണ്‍ട്രേണ്‍ റൂം തുറന്നു

ജില്ലയിലെ പോലിസ് സംവിധാനം നിയന്ത്രിക്കുന്നതിന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ.ഹരീഷ്ചന്ദ്രനായിക്കിന്റെ കീഴില്‍ ജില്ലാ പോലിസ് ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടോ മറ്റുക്രമസമാധാന പ്രശ്‌നങ്ങളോ  ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമിലെ നമ്പറായ 04994-257371, 9497980941 ലോ  അതാത് പ്രദേശത്തേ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥരെയോ വിളിച്ചറിക്കാം.