വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇന്ന് അണുവിമുക്തമാക്കും: ആഹ്ലാദ പ്രകടനങ്ങള്‍ പ്രോട്ടോകോള്‍ പാലിച്ച് മാത്രം

post

മലപ്പുറം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നാളെ (ഡിസംബര്‍ 16) വോട്ടെണ്ണുന്നതിന് മുന്നോടിയായി ഇന്ന് (ഡിസംബര്‍ 15) വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. വോട്ടെണ്ണല്‍ ദിവസം ഹാളിനകത്തും പുറത്തും യാതൊരു വിധത്തിലും ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

വോട്ടെണ്ണലിന് തടസ്സമുണ്ടാക്കാത്ത വിധം ഉച്ചഭാഷിണിയിലൂടെ ബോധവത്കരണം നടത്തുന്നതിന് ബന്ധപ്പെട്ട  ഉദ്യോഗസ്ഥന്‍  നടപടികള്‍ സ്വീകരിക്കും.  കാവിഡ് പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ തെരഞ്ഞെടുപ്പ് ഏജന്റിന്  പുറമെ ഒരു കൗണ്ടിംഗ് ഏജന്റിനെ മാത്രം  വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. കൗണ്ടിംഗ് ഏജന്റുമാര്‍ കോവിഡ് പശ്ചാത്തലത്തില്‍  കര്‍ശനമായി  സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ മാസ്‌ക്, സാനിറ്റെസര്‍, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.  

ഓരോ തലത്തിലും ലഭിക്കുന്ന മറ്റ് പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം  രാവിലെ  എട്ട് മണിക്ക് മുന്‍പ്  തന്നെ  അതത് വരണാധികാരികള്‍ക്ക്  ലഭ്യമാക്കുന്നതിന് ഓരോ വരണാധികാരികളും പ്രത്യേക മെസഞ്ചര്‍ സംവിധാനം  ഏര്‍പ്പെടുത്തണം. ഇതിലേക്ക് വരണാധികാരികള്‍ പോസ്റ്റല്‍  ബാലറ്റും സത്യപ്രതിജ്ഞയും അടങ്ങിയ ഫോറം 19, ഫോറം 19 ഇ  എന്നീ വലിയ കവറുകളിലെ  മേല്‍വിലാസം മുന്‍കൂറായി പരിശോധിക്കണം. ഓരോ തലത്തിലെയും പോസ്റ്റല്‍ ബാലറ്റുകള്‍ വരണാധികാരികള്‍  മാത്രേമേ തുറക്കാവൂ. ത്രിതല പഞ്ചായത്തുകളെ  സംബന്ധിച്ച് ഓരോ തലത്തിലെയും സാധാരണ പോസ്റ്റല്‍ ബാലറ്റുകളും സ്‌പെഷ്യല്‍ പോസ്റ്റല്‍ അതത് വരണാധികാരികള്‍ വേണം എണ്ണേണ്ടത്. മുനിസിപ്പാലിറ്റി , കോര്‍പ്പറേഷനുകളെ സംബന്ധിച്ച്  ചുമതലപ്പെടുത്തിയിട്ടുള്ള  വാര്‍ഡുകളിലെ  പോസ്റ്റല്‍ ബാലറ്റുകളാണ് അത്തരത്തില്‍ ഓരോ വരണാധികാരിയും എണ്ണേണ്ടത്. ബ്ലോക്ക് പഞ്ചായത്ത്  വരണാധികാരിക്ക് ആ ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രത്യേക കൗണ്ടിംഗ്  ഹാള്‍ സജ്ജമാക്കണം.

ജില്ലാ പഞ്ചായത്തുകളിലെ  മുഴുവന്‍ പോസ്റ്റല്‍  ബാലറ്റുകളും ജില്ലാ പഞ്ചായത്ത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ വേണം  എണ്ണേണ്ടത്. വരണാധികരിയുടെ നേതൃത്വത്തില്‍  ആവശ്യമെങ്കില്‍  ഒന്നിലധികം ടേബിളുകള്‍  ഇതിനായി സജ്ജമാക്കാം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് മുന്‍പ് പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ ചെറിയ കവറിനോടൊപ്പം സാക്ഷ്യപ്പെടുത്തിയ ഫോറം 16 സി- ലെ സത്യപ്രസ്താവനയുണ്ടോയെന്ന് പരിശോധിക്കണം.  തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങള്‍ ചട്ടം 50 ബാലറ്റ് പേപ്പറുകളുടെ സൂക്ഷമ പരിശോധനയും എണ്ണലും ചട്ടം 51 വോട്ടുകള്‍ സംബന്ധിച്ച് വ്യവസ്ഥതകള്‍ തപാല്‍ ബാലറ്റ് പേപ്പറുകളുടെ കാര്യത്തിലും ബാധകമായിരിക്കും. ചട്ടം 50(സി) ഖണ്ഡത്തില്‍  സത്യപ്രസ്താവന യഥാവിധി സാക്ഷ്യപ്പെടുത്തുന്നതിന് മറ്റ് ഗസറ്റഡ് ഉദ്യോഗസ്ഥര്‍മാര്‍ക്ക് പുറമെ  മെഡിക്കല്‍ ഓഫീസറേയും  പ്രത്യേക പോളിങ് ഓഫീസറെയും അധികാരപ്പെടുത്തിയിട്ടുണ്ട്്.

ഫോറം 18 ലെ ചെറിയ കവറിനു പകരം ഫോം 19 ഡി യിലെ ചെറിയ കവറില്‍ സ്‌പെഷ്യല്‍ ബാലറ്റ്  ഉള്ളടക്കം ചെയ്തിട്ടുണ്ടെങ്കിലോ ഫോറം 19 ലെ വലിയ കവറിനുപകരം ഫോമം  19 ഇ യിലെ വലിയ കവര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലോ ബാലറ്റ് പേപ്പര്‍ തള്ളിക്കളയാന്‍ പാടില്ല. വോട്ടെണ്ണല്‍ ആരംഭിച്ചതിന് ശേഷം വരണാധികാരകള്‍ക്ക് ലഭിക്കുന്ന കവറുകള്‍ ഒരു കാരണവശാലും തുറക്കാന്‍ പാടില്ല. അവയ്ക്ക് പുറത്ത്  സ്വീകരിച്ച സമയം രേഖപ്പെടുത്തി മറ്റ് രേഖകള്‍ക്കൊപ്പം  സുരക്ഷിതമായി സൂക്ഷിക്കണം. ആഹ്‌ളാദ പ്രകടനങ്ങള്‍ കര്‍ശനമായ പ്രോട്ടോകോള്‍ പാലിച്ചാണോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം.