കൊച്ചി പെഡല്‍ ഫോഴ്‌സ് അംഗങ്ങള്‍ മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങി

post

അടിമാലി: സൈക്കിള്‍ യാത്രക്ക് കൂടുതല്‍ പ്രചാരം നല്‍കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി പെഡല്‍ ഫോഴ്‌സ് അംഗങ്ങള്‍ നടത്തിയ സേവ് പ്ലാനറ്റ് സൈക്കിള്‍ യാത്രക്ക് അടിമാലി വാളറയില്‍ സ്വീകരണം നല്‍കി. വിനോദ സഞ്ചാരമേഖലയെ കൂടുതല്‍ സജീവമാക്കുക,സൈക്കിള്‍ യാത്രക്ക് കൂടുതല്‍ പ്രചാരം നല്‍കുക,വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം പരമാവധി കുറക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൊച്ചി പെഡല്‍ ഫോഴ്‌സ് അംഗങ്ങള്‍ സേവ് പ്ലാനറ്റ് സൈക്കിള്‍ യാത്രക്ക് രൂപം നല്‍കിയത്.കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ടീംമംഗങ്ങള്‍ക്ക് ഡിടിപിസി സെക്രട്ടറി ഗിരീഷ് പി എസിന്റെ നേതൃത്വത്തില്‍ അടിമാലി വാളറയില്‍ സ്വീകരണവും യാത്രഅയപ്പും നല്‍കി.22 പേരടങ്ങുന്ന പെഡല്‍ഫോഴ്‌സ് അംഗങ്ങള്‍ ഈ മാസം 13നായിരുന്നു കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് യാത്ര തിരിച്ചത്.സമൂഹത്തിന്റെ നാനാതുറകളിലുള്ളവരിലേക്ക് സൈക്കിള്‍ യാത്രയുടെ സന്ദേശം കൂടുതല്‍ എത്തിക്കുകയാണ് സേവ് പ്ലാനറ്റ് സൈക്കിള്‍ യാത്രയുടെ ലക്ഷ്യമെന്ന് ടീംമംഗങ്ങള്‍ പറഞ്ഞു.300കിലോമീറ്റര്‍ ദൂരമാണ് ടീം അംഗങ്ങള്‍ താണ്ടിയത്. കഴിഞ്ഞ വര്‍ഷവും പെഡല്‍ ഫോഴ്‌സ് അംഗങ്ങള്‍ സൈക്കിളില്‍ മൂന്നാര്‍ സന്ദര്‍ശനം നടത്തിയിരുന്നു.