കേരള ബാങ്ക് രൂപീകരണം: മേഖലായോഗം ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം: പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ ശാക്തീകരണമാണ് കേരളബാങ്ക് രൂപികരണത്തിലൂടെ സംഭവിക്കുകയെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രാഥമികസംഘങ്ങളുടെ കേന്ദ്രസ്ഥാപനമായി കേരളബാങ്ക് മാറുമെന്നും യുവതലമുറയ്ക്ക് ആവശ്യമായ സേവനങ്ങള്‍ കൊടുക്കാന്‍ പ്രാപ്തമായവിധം ഈ സംഘങ്ങളെ ശക്തിപ്പെടുത്താനും കേരളബാങ്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. 

കേരളബാങ്ക് രൂപീകരണം സംബന്ധിച്ച് തെക്കന്‍ മേഖലയിലെ സഹകാരികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  നമ്മുടെ നിക്ഷേപത്തിന് സര്‍വീസ് ചാര്‍ജ് കൊടുക്കേണ്ടിവരുന്ന തരത്തിലുള്ള ചൂഷണത്തില്‍നിന്ന് സാധാരണക്കാരായ ഇടപാടുകാരെ മോചിപ്പിക്കുക എന്നതും കേരളബാങ്ക് ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. 

നിശ്ചയദാര്‍ഢ്യത്തോടെയും ലക്ഷ്യബോധത്തോടെയും സര്‍ക്കാര്‍ എടുത്ത വളരെ ഫലപ്രദമായ ഇടപെടലിലൂടെയാണ് കേരളബാങ്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. കാലത്തിന് അനുസരിച്ച മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയാറായതിനാലാണ് രാജ്യത്തിനുതന്നെ അഭിമാനകരമായ പ്രസ്ഥാനമായി കേരളത്തിലെ സഹകരണമേഖല വളര്‍ന്നത്. പ്രാദേശിക സമ്പദ് വ്യവസ്ഥയെ കേരളബാങ്ക് കൂടുതല്‍ ചലനാത്മകമാക്കും. 

കേരളബാങ്കിലൂടെ സംഘങ്ങളുടെ മത്സരശേഷിക്കൊപ്പം ഇടപാടുകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സേവനവും ലഭിക്കും. നിലവില്‍ നാമമാത്രമായ പ്രവാസിനിക്ഷേപമാണ് സഹകരണമേഖലയ്ക്ക് ലഭിക്കുന്നത്. കേരളബാങ്ക് വരുന്നതോടെ പ്രവാസിനിക്ഷേപത്തിന്റെ വലിയപങ്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. അഡ്വ. വി. ജോയ് എം.എല്‍.എ, സഹകരണ രജിസ്ട്രാര്‍ ഡോ.പി.കെ.ജയശ്രീ, മറ്റ് ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ സഹകരണസംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്്.