തീര്‍ഥാടന കാലത്തെ ശുചീകരണം: വിശുദ്ധി സേനയുടേത് മാതൃകാ പ്രവര്‍ത്തനം

post

പത്തനംതിട്ട   :  തീര്‍ഥാടന കാലത്ത് ശബരിമല ശുചീകരിക്കുന്നതിനും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും കര്‍മ്മോത്സുകരായി വിശുദ്ധി സേന. തമിഴ്‌നാട്ടില്‍ നിന്നുള്ള 100 തൊഴിലാളികളാണ് ശബരിമല ശുചീകരണത്തിനായുള്ള വിശുദ്ധി സേനയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ എണ്ണം കുറച്ചതിനാല്‍ വിശുദ്ധി സേനാംഗങ്ങളുടെ എണ്ണവും ഈ വര്‍ഷം പരിമിതപ്പെടുത്തിയിരുന്നു. മരക്കൂട്ടം മുതല്‍ നടപ്പന്തല്‍ വരെയും സന്നിധാനത്തും പരിസരങ്ങളിലുമായാണ് വിശുദ്ധി സേനയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി സേനാംഗങ്ങളെ 20 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കല്‍ എന്നിവ നടത്തുന്നത്. 

കാനന പാതയിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് സന്നിധാനത്ത് പ്രത്യേകം സജ്ജമാക്കിയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തിക്കും. തുടര്‍ന്ന് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് സംസ്‌കരിക്കും. ഇത് കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തില്‍ നടപ്പന്തല്‍, ശ്രീകോവിലിന് സമീപത്തും അരവണ കൗണ്ടറിന് സമീപത്തും ഉള്‍പ്പെടെ ഭക്തര്‍ എത്തുന്ന എല്ലാ സ്ഥലങ്ങളിലേയും കൈവരികള്‍ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുന്നതും വിശുദ്ധി സേനാംഗങ്ങളാണ്. ഇതിനായുള്ള ഉപകരണങ്ങളും മറ്റും സന്നിധാനത്തെ ദേവസ്വം മരാമത്ത് വിഭാഗമാണ് നല്‍കുന്നത്. ഇതിന് പുറമേ ആരോഗ്യ വകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ശുചീകരണ ജോലികളിലും വിശുദ്ധി സേനാംഗങ്ങള്‍ പങ്കാളികളാകുന്നുണ്ട്.  

പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹിനു കീഴിലുള്ള ശബരിമല സാനിറ്റൈസേഷന്‍ സൊസൈറ്റിക്കാണ് (എസ്എസ്എസ്)  സന്നിധാനത്തെ വിശുദ്ധി സേനയുടെ നിയന്ത്രണം. ശബരിമല എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘത്തിനാണ് വിശുദ്ധി സേനയുടെ മേല്‍നോട്ട ചുമതല. വിശുദ്ധി സേനാംഗങ്ങള്‍ക്ക് സന്നിധാനത്ത് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിലും സന്നിധാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.