മുനിസിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 28ന്; ത്രിതല അധ്യക്ഷന്‍മാര്‍ 30ന്

post

ഇടുക്കി: ജില്ലയില്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതികളുടെ അധ്യക്ഷന്‍മാരെ ഡിസംബര്‍ 28നും 30നുമായി തിരഞ്ഞെടുക്കും.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വരണാധികാരിയായി അതത് പഞ്ചായത്തുകളിലെ വരണാധികാരികളെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പല്‍ കൗണ്‍സില്‍, ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് രാവിലെ 11 നും വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കും നടത്തും.  ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30നു രാവിലെ 11 നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് ശേഷം 2 നും നടത്തും. അധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍ എന്നിവരുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ നോട്ടീസ് കുറഞ്ഞത് മൂന്ന് പൂര്‍ണ്ണദിവസങ്ങള്‍ക്കു മുമ്പ് നല്‍കും.  ഇതില്‍ ഞായറാഴ്ചയും അവധി ദിവസങ്ങളും ഉള്‍പ്പെടുത്തും. യോഗം ചേരുന്ന തീയതിയും നോട്ടീസ് നല്‍കിയ തീയതിയും ഒഴിവാക്കും.

യോഗത്തില്‍ വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം അംഗങ്ങള്‍ ഹാജരായില്ലെങ്കില്‍ യോഗം തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്നതിനായി മാറ്റി  വയ്ക്കുമെന്നു മാത്രമല്ല ആ യോഗത്തില്‍ ക്വാറം നോക്കാതെ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. അദ്ധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഓപ്പണ്‍ബാലറ്റ് മുഖാന്തിരമാണ്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ സംവരണം ചെയ്തിട്ടുണ്ടെങ്കില്‍ അതത് വിഭാഗത്തിലുള്ള അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ ചെയര്‍മാന്‍, പ്രസിഡന്റ് എന്നിവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ മുമ്പാകെയും വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ മുമ്പാകെയും വൈസ് പ്രസിഡന്റ് പ്രസിഡന്റ് മുമ്പാകെയും സത്യപ്രതിജ്ഞയോ/ദൃഢപ്രതിജ്ഞയോ ചെയ്യും. പ്രസിഡന്റ്, ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്, വൈസ് ചെയര്‍മാന്‍  എന്നീ സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം.