ശബരിമലയില്‍ ശുദ്ധജല വിതരണത്തിന് വിപുലമായ സംവിധാനമൊരുക്കി വാട്ടര്‍ അതോറിറ്റി

post

പത്തനംതിട്ട: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മുടങ്ങാതെ ശുദ്ധജല വിതരണവുമായി കേരളാ വാട്ടര്‍ അതോറിറ്റി. തടസമില്ലാത്ത ജലവിതരണത്തിനായി പമ്പ മുതല്‍ സന്നിധാനം വരെയുള്ള വിവിധ ഇടങ്ങളില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്കുകളും പൈപ്പ് ലൈനുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. കാനന പാതയിലൂടെ കാല്‍നടയായെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകള്‍, ദേവസ്വം ബോര്‍ഡിന്റെ ചുക്ക് വെള്ള കൗണ്ടറുകള്‍, സന്നിധാനത്തെ എല്ലാ വിഭാഗം വകുപ്പുകളുടേയും ക്യാമ്പുകള്‍, അരവണ പ്ലാന്റ്, ആശുപത്രികള്‍, മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കും ഉള്‍പ്പെടെ വാട്ടര്‍ അതോറിറ്റിയാണ് വെള്ളമെത്തിക്കുന്നത്. ഇതോടൊപ്പം കുന്നാര്‍ ഡാമില്‍ നിന്ന് ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച പൈപ്പ് ലൈന്‍ വഴി പ്രകൃതിദത്ത മാര്‍ഗത്തിലൂടെ പാണ്ടിത്താവളത്ത് എത്തിക്കുന്ന വെള്ളമാണ് സന്നിധാനത്ത്് ഉപയോഗിക്കുന്നത്.

പമ്പയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാന പമ്പ് ഹൗസില്‍ നിന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണത്തിന്റെ തുടക്കം. ഇവിടെ നിന്നും നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നീ ക്രമത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്ന് ബൂസ്റ്റിംഗ് പമ്പ് ഹൗസുകളിലേക്ക് ആദ്യം വെള്ളമെത്തിക്കും. ഇവിടങ്ങളില്‍ ഓരോയിടത്തും എഴുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കുകളുണ്ട്. ഈ പമ്പ് ഹൗസുകളില്‍ നിന്നും ഇലക്ട്രോ ക്ലോറിനേഷന്‍ സംവിധാനം ഉപയോഗിച്ച് ജലം ശുദ്ധീകരിച്ച ശേഷമാണ് ശരംകുത്തിയിലേക്ക് എത്തിക്കുക. ഓരോ ബൂസ്റ്റിംഗ് പമ്പ് ഹൗസുകളിലും മൂന്ന് വീതം ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.പ്രധാന വിതരണ കേന്ദ്രമായ ശരംകുത്തിയില്‍ വെള്ളം സംഭരിക്കുന്നതിനായി ആറ് ലക്ഷം ലിറ്ററിന്റെ വാട്ടര്‍ അതോറിറ്റിയുടെ ഒരു ടാങ്കും 20 ലക്ഷം ലിറ്റര്‍ വീതം ശേഷിയുള്ള ദേവസ്വം ബോര്‍ഡിന്റെ രണ്ട് ടാങ്കുകളുമുണ്ട്. ഈ ടാങ്കുകളില്‍ നിന്ന് വിതരണത്തിനായി പത്ത് ലക്ഷം ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ടാങ്കിലേക്ക് ആവശ്യാനുസരണം വെള്ളം നിറയ്ക്കും. ഇവിടെ നിന്നും അവസാന ഘട്ട പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് വെള്ളം പൈപ്പ് ലൈന്‍ വഴി വിതരണം ചെയ്യുക. തീര്‍ഥാടന കാലത്ത് എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ ഇടവിട്ട് ഈ പരിശോധനയുണ്ടാവും. ദേവസ്വം ബോര്‍ഡ് കുന്നാര്‍ ഡാമില്‍ നിന്നും പാണ്ടിത്താവളം വഴിയെത്തിക്കുന്ന വെള്ളവും വാട്ടര്‍ അതോറിറ്റി പരിശോധിച്ച് ഗുണ നിലവാരം ഉറപ്പാക്കിയ ശേഷമാണ് വിതരണം ചെയ്യുന്നത്. ഇതോടൊപ്പം സ്വാമി അയ്യപ്പന്‍ - ചന്ദ്രാനന്ദന്‍ - നീലിമല - പരമ്പരാഗത പാത എന്നിവിടങ്ങളിലെല്ലാം പമ്പാ തീര്‍ഥമെന്ന പേരില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ഇതിനായി പാതയോരങ്ങളില്‍ നൂറ് കണക്കിന് കിയോസ്‌കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചുക്കുവെള്ള വിതരണത്തിനായി ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ ഈ മണ്ഡലകാലത്ത് ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുള്ളത്. പമ്പയില്‍ നിന്നുള്ള വെള്ളമാണ് നിലയ്ക്കലും ഉപയോഗിക്കുന്നത്. നിലവില്‍ കുടിവെള്ള ടാങ്കറുകളിലാണ് നിലയ്ക്കലേക്ക് വെള്ളമെത്തിക്കുന്നത്. ഇവിടേക്ക് കൂടുതല്‍ വേഗത്തില്‍ ജലമെത്തിക്കുന്നതിനായി സീതത്തോട് - നിലയ്ക്കല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ജോലികള്‍ തുടങ്ങിയിട്ടുണ്ട്. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം എല്ലാ ദിവസവും രണ്ട് പ്രാവശ്യം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എന്തെങ്കിലും സംശയകരമായി കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ സാമ്പിള്‍ ശേഖരിച്ച് പമ്പയിലെത്തിച്ച് പരിശോധിക്കും. ഇതിനായി ആധുനിക സൗകര്യങ്ങളുള്ള ബാക്ടീരിയോളജി ലാബ് പമ്പയിലുണ്ട്.

വാട്ടര്‍ അതോറിറ്റിയുടെ തിരുവനന്തപുരം ക്വാളിറ്റി കണ്‍ട്രോള്‍ ആസ്ഥാനത്തെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ തിരുവല്ല ഡിവിഷന്‍ ക്വാളിറ്റി കണ്‍ട്രോള്‍ സെക്ഷനാണ് ജലവിതരണത്തിന്റെയും ഗുണനിലവാര പരിശോധനയുടേയും ചുമതല. വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന് കീഴിലെ വടശേരിക്കര സെക്ഷന്‍ അസി. എന്‍ജിനിയറുടെ നേതൃത്വത്തിലാണ് പമ്പ് ഹൗസുകള്‍ മെയിന്റനന്‍സ്, ജീവനക്കാരുടെ വിന്യാസം എന്നിവ ഏകോപിപ്പിക്കുന്നത്. നിലവില്‍ സ്ഥിരം ജോലിക്കാരും താല്‍ക്കാലിക തൊഴിലാളികളും ഉള്‍പ്പെടെ അറുപതോളം ജോലിക്കാരാണ് വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ സേവനം ചെയ്യുന്നത്.