ശബരിമല: മണ്ഡലകാല തീര്‍ത്ഥാടനത്തിന് ദേവസ്വം ബോര്‍ഡൊരുക്കിയത് വിപുലമായ സൗകര്യങ്ങള്‍

post

പത്തനംതിട്ട : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍. ഇതിനായി ദേവസ്വം കമ്മീഷണര്‍ മുതല്‍ മണ്ഡല കാലത്തേക്ക് മാത്രമായുള്ള താല്‍ക്കാലിക ജീവനക്കാര്‍ വരെയുള്ളവരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ബോര്‍ഡിന് കീഴിലെ വിവിധ ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 41 ദിവസത്തെ മണ്ഡല കാലത്തേക്കാണ് കാരാര്‍ അടിസ്ഥാനത്തില്‍ നിയനം.ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശാനുസരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ദേവസ്വം കമ്മീഷണര്‍ എന്നിവര്‍ അനുദിനം ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഇതിന് കീഴില്‍ സന്നിധാനത്തെ ഓഫീസില്‍ ഒരു എക്‌സിക്യൂട്ടീവ് ഓഫീസറും ഒരു അസി. എക്‌സിക്യൂട്ടീവ് ഓഫീസറുമുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണ് സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സന്നിധാനവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകം സ്‌പെഷ്യല്‍ ഓഫീസര്‍മാരുമുണ്ട്. ക്ഷേത്രം, ഭണ്ഡാരം, അപ്പം, അരവണ,അന്നദാനം, ചുക്ക് വെള്ളം, ദേവസ്വം മെസ്, താമസം (അക്കോമഡേഷന്‍) എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ ഓരോ സെക്ഷനിലും സ്ഥിരം ജീവനക്കാരെയും നിരവധി താല്‍ക്കാലിക തൊഴിലാളികളുമുണ്ട്. ഇതിന് പുറമെ ദേവസ്വം ബോര്‍ഡ് വക താല്‍ക്കാലിക സുരക്ഷാ ജീവനക്കാരുമുണ്ട്.സന്നിധാനത്തെ ദേവസ്വത്തിന്റെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണവും അറ്റകുറ്റ പണികളുമെല്ലാം ചെയ്യുന്നതിനായി അസി. എഞ്ചിനീയറുടെ നേതൃത്വത്തില്‍ പ്രത്യേകം പൊതുമരാമത്ത് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കുന്നാര്‍ ഡാമില്‍ നിന്ന് സന്നിധാനത്തേക്കുള്ള ശുദ്ധജല വിതരണത്തിന്റെ ചുമതലയും മരാമത്ത് വിഭാഗത്തിനാണ്. ഇവര്‍ക്കെല്ലാമുള്ള താമസ സൗൗകര്യവും ഭക്ഷണവും ദേവസ്വം ബോര്‍ഡാണ് നല്‍കുന്നത്.ശബരിമല ദേവസ്വത്തിന് പ്രത്യേക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുണ്ട്. ഇവിടെ നിന്നുമാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളുടെ നിയന്ത്രണം. മണ്ഡല പൂജാ കര്യങ്ങള്‍ക്കായി പ്രത്യേകം ഫെസ്റ്റിവെല്‍ കണ്‍ട്രോളറും മറ്റ് ജീവനക്കാരും ഓഫീസുമുണ്ട്.