റീബില്‍ഡ് കേരള: 829 കോടിയുടെ ധനസഹായത്തിന് ജര്‍മന്‍ ബാങ്കുമായി കരാറായി

post

തിരുവനന്തപുരം : റീബില്‍ഡ് കേരള വികസന പദ്ധതിയുടെ ഭാഗമായ ക്ലൈമറ്റ് ലോണ്‍ കേരള വഴി 828.9 കോടി (110 മില്യണ്‍ യൂറോ) രൂപയുടെ ജര്‍മന്‍ ബാങ്ക് വായ്പയ്ക്ക് കരാര്‍ ഒപ്പിട്ടു. ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യൂ കണ്‍ട്രി ഡയറക്ടര്‍ ഡോ. ക്രിസ്റ്റോഫ് കെസ്‌ലറും കേന്ദ്ര ധനമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഡോ. സി.എസ്. മൊഹാപാത്രയുമാണ് കരാറില്‍ ഒപ്പിട്ടത്.

പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനം മൂലമുള്ള മറ്റ് പ്രശ്‌നങ്ങളും അതിജീവിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നയങ്ങളും പ്രവര്‍ത്തന പരിപാടികളും നടപ്പിലാക്കാന്‍ വായ്പ സഹായകമാകും. 828.9 കോടി രൂപയുടെ വായ്പയ്ക്ക് പുറമേ 17.13 കോടി രൂപ ഗ്രാന്റായും ലഭിക്കും.

കേരള പുനര്‍നിര്‍മാണ പദ്ധതികള്‍ക്കായി ലോകബാങ്ക് 1779 കോടി രൂപയുടെ വികസന നയവായ്പ 2019 ആഗസ്റ്റില്‍ നല്‍കിയിരുന്നു. വികസന നയവായ്പ പദ്ധതികള്‍ക്കുള്ള പിന്തുണാ സഹായമായാണ് ഇപ്പോള്‍ ജര്‍മന്‍ ബാങ്ക് ഈ വായ്പ മുഖേന നല്‍കുന്നത്.

നേരത്തെ. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കെ.എഫ്.ഡബ്ല്യൂ സാമ്പത്തിക സഹായത്തിനായി സമര്‍പ്പിച്ച പ്രാഥമിക പദ്ധതി രേഖ അംഗീകരിച്ചിരുന്നു.

2018 ലെ മഹാപ്രളയത്തില്‍ നിന്നും സംസ്ഥാനത്തിന്റെ അതിജീവന ശേഷിയുള്ള പുനര്‍നിര്‍മ്മാണം, ഭാവിയില്‍ പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുള്ള ദുരന്തഫലങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ അതിജീവനശേഷി വര്‍ധിപ്പിക്കുക, കോവിഡ്19 നെത്തുടര്‍ന്ന് സംസ്ഥാനം സ്വീകരിച്ച സാമ്പത്തിക ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുക എന്നിവയാണ് കേരള ക്ലൈമറ്റ് റിസൈലന്‍സ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

നഗരാസൂത്രണം, ബഡ്ജറ്റിങ്, ജലവിതരണം, ശുചിത്വം, അതിജീവനക്ഷമതയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മികച്ചതും പ്രസക്തവുമായ രാജ്യാന്തര മാതൃകകള്‍ സംസ്ഥാനത്തു നടപ്പിലാക്കുന്നതിന് ഈ വായ്പാപദ്ധതി ലക്ഷ്യമിടുന്നു. വിവിധ മേഖലകളില്‍ ആവശ്യമായ സാങ്കേതിക സാഹയവും ജര്‍മന്‍ ബാങ്ക് ലഭ്യമാക്കും.

വായ്പാകരാര്‍ ഒപ്പിടുന്നതിനെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാരും എ.എഫ്.ഡബ്ല്യൂവും പദ്ധതി സംബന്ധിച്ച പ്രത്യേക കരാറില്‍ ഏര്‍പ്പെടും. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജര്‍മന്‍ ബാങ്കുമായി ധനകാര്യ/റീബില്‍ഡ് കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് പ്രത്യേക കരാര്‍ ഒപ്പിടും.

നിലവില്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പ്രളയത്തില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകള്‍ അതിജീവനക്ഷമമായ തരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി കെ.എഫ്.ഡബ്ല്യൂ ലഭ്യമാക്കുന്ന 170 മില്യന്‍ യൂറോ ധനസഹായത്തിനു പുറമെയാണ് ഈ ധനസഹായം.