നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം

post

കണ്ണൂര്‍: അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കണമെന്ന്് വോട്ടര്‍ പട്ടിക ഒബ്സര്‍വര്‍ കെ ഗോപാലകൃഷ്ണഭട്ട് അഭ്യര്‍ത്ഥിച്ചു. വോട്ടര്‍ പട്ടിക നവീകരണം ചര്‍ച്ചചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച് ചേര്‍ത്ത ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ പുതിയ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ട്. ഇത്തരം അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും 2021 ജനുവരി 15നകം തീര്‍പ്പ് കല്‍പ്പിക്കും. ജനുവരി 20ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടര്‍പട്ടികയുടെ രണ്ട് കോപ്പി വീതം സൗജന്യമായി അനുവദിക്കാനാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. കൂടുതല്‍ കോപ്പി വേണ്ടവര്‍ക്ക് 100 രൂപ വീതം ഈടാക്കി ഫോട്ടോ രഹിത സോഫ്റ്റ് കോപ്പി സിഡിയില്‍ നല്‍കണം. കരട് പട്ടികയിന്‍മേലുള്ള തര്‍ക്കങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ച പട്ടിക ആഴ്ചതോറും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കും. ജില്ലയില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബര്‍ 21) വരെയുള്ള കണക്കനുസരിച്ച് 12130 അപേക്ഷകളാണ് ലഭിച്ചത്. ജനസംഖ്യ വര്‍ദ്ധനയുടെ അനുമാനമനുസരിച്ച് പതിനെട്ട് വയസ്സ് പൂര്‍ത്തിയായ 2033100 വോട്ടര്‍മാരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 1967775 പേരാണ് നിലവില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. യുവ വോട്ടര്‍മാര്‍ ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാനുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനാല്‍ പുതിയ വോട്ടര്‍മാരെ ചേര്‍ത്ത് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധചെലുത്തണം. കരടില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും പരാതി നല്‍കാവുന്നതാണ്. ഏത് പരാതിയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം തേടി വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ എല്ലാവരും സഹകരിക്കണം. ഗോപാലകൃഷ്ണഭട്ട് അഭ്യര്‍ത്ഥിച്ചു.

കരട് വോട്ടര്‍പട്ടികയുടെ ഒരു കോപ്പി മാത്രമേ ലഭിച്ചുള്ളൂവെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ അധിക ബൂത്തുകള്‍ ക്രമീകരിക്കുന്നത് സംബന്ധമായ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണം. വോട്ടര്‍  പട്ടികയില്‍ നിന്ന് പേര് നീക്കുന്ന വിവരം അതത് വോട്ടര്‍മാരെ കൃത്യമായി അറിയിക്കണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചു.

കരട് വോട്ടര്‍ പട്ടികയുടെ രണ്ട് കോപ്പികള്‍ സൗജന്യമായി നല്‍കണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് കരട് പട്ടികയുടെ ഒരു കോപ്പി കൂടി അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ഗോപാലകൃഷ്ണഭട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ജില്ലയില്‍ 800നും 900നും ഇടയില്‍ അധിക ബൂത്തുകള്‍ വേണ്ടി വരും. ഇത് സംബന്ധിച്ച വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ മുന്‍കൂട്ടി അറിയിക്കും. അവരുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും ബൂത്തുകള്‍ നിര്‍ണ്ണയിക്കുക. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കുന്ന വിവരം വോട്ടര്‍മാരെ രേഖാമൂലം അറിയിക്കണമെന്നാണ് ചട്ടമെന്നും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഗോപാലകൃഷ്ണഭട്ട് പറഞ്ഞു. മരിച്ചവരുടെ പേര് നീക്കുന്നതൊഴികെ ബാക്കിയുള്ള എല്ലാ പേര് നീക്കലും അതത് തഹസില്‍ദാര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. പക്ഷപാതപരമായി പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല. അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകും. ഗോപാലകൃഷ്ണഭട്ട് പറഞ്ഞു.