ശബരിമല തീര്‍ഥാടനം: ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ആയുര്‍വേദ വകുപ്പ്

post

പത്തനംതിട്ട : മണ്ഡലകാല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും സേവനമൊരുക്കി ആയുര്‍വേദ വകുപ്പ്. ഇതിനായി അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ജീവനക്കാരാണ് സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയില്‍ മുന്‍ വര്‍ഷങ്ങളില്‍ സേവനമനുഷ്ടിച്ചിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മണ്ഡല കാലത്ത് ഭക്തരുടെ എണ്ണം നിയന്ത്രിച്ചതിനാല്‍ രണ്ട് ഡോക്ടര്‍മാര്‍, ഒരു ഫാര്‍മസിസ്റ്റ്, ഒരു തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന ആറ് ജീവനക്കാരാണ് സന്നിധാനത്ത് ഇപ്പോഴുള്ളത്.  

മലകയറി വരുന്ന ഭക്തര്‍ക്ക് പേശീവലിവ്, വേദന എന്നിവക്കുള്ള കുഴമ്പ് ഉള്‍പ്പെടെയുള്ള മരുന്നുകളാണ് പ്രധാനമായും ലഭ്യമാക്കുന്നത്. ഇതിന് പുറമേ ദേവസ്വം, പോലീസ് തുടങ്ങി സന്നിധാനത്ത് ദിവസങ്ങള്‍ താമസിച്ച് ജോലി ചെയ്യുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ഇവിടെ നിന്നും ചികിത്സ നല്‍കി വരുന്നു. ചുമ, പനി, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകള്‍ ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ട്.

 ഇതിന് പുറമേ സുഖായുഷ്യം, സ്വാസ്ഥ്യം, പുനര്‍ജനി, അമൃതം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മരുന്നുകളും ഇവിടെയുണ്ട്. കോവിഡ് ബാധിച്ച് രോഗ മുക്തി നേടിയവര്‍ക്ക് സാധാരണ ഗതിയിലുണ്ടാവുന്ന ചുമയ്ക്കും ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമാണ് പുനര്‍ജനി വിഭാഗത്തില്‍ നിന്നുള്ള മരുന്ന് നല്‍കുക. അറുപത് വയസിന് താഴെയുള്ളവര്‍ക്കായി നല്‍കുന്നത് സ്വാസ്ഥ്യം വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി അമൃതം വിഭാഗത്തിലും 60 വയസിന് മുകളിലുള്ളവര്‍ക്കായി സുഖായുഷ്യം വിഭാഗത്തിലുമുള്ള മരുന്നും സന്നിധാനത്തെത്തിച്ചിട്ടുണ്ട്.

ഭക്തര്‍ക്കും ജീവനക്കാര്‍ക്കുമായി പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളും ഇവിടെ നിന്നും നല്‍കുന്നുണ്ട്. ഇതിനായി ഷഡംഗ പാന ചൂര്‍ണമാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതിന് പുറമേ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളിലും കൊതുക് നശീകരണത്തിനായി അപരാജിത ചൂര്‍ണം വിതരണം ചെയ്യുന്നുണ്ട്. പ്രതിദിനം 150 നും 200 നും ഇടയില്‍ ആളുകള്‍ ഇവിടെ ചികിത്സ തേടുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. മനേഷ് കുമാര്‍ പറഞ്ഞു. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമുണ്ടെങ്കിലും കോവിഡ് സാഹചര്യത്തില്‍ ഈ സേവനം നല്‍കുന്നില്ല.

കേരളത്തിലെ വിവിധ ആയുര്‍വേദ ആശുപത്രികളില്‍ നിന്നുള്ള ജീവനക്കാരെ ഏഴ് ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സന്നിധാനത്തേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും ആശുപത്രിയുടെ സേവനം ലഭ്യമാണ്.