തങ്ക അങ്കിക്ക് ഭക്തി നിര്‍ഭരമായ സ്വീകരണം

post

പത്തനംതിട്ട: കാനനവാസന്‍ അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുള്ള മണ്ഡല പൂജയ്ക്ക് ഇനി മണിക്കൂറുകള്‍ ബാക്കി. ഇതിന് മുന്നോടിയായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിച്ച, ശബരിമല ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തങ്ക അങ്കിക്ക് വെള്ളിയാഴ്ച്ച വൈകിട്ട് സന്നിധാനത്ത് വരവേല്‍പ്പ് നല്‍കി. ശനിയാഴ്ച പകല്‍ 11.40നും 12.20 നും മദ്ധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് മണ്ഡല പൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി 1973-ല്‍ നടയ്ക്കുവച്ചത്.

വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര പമ്പയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പമ്പയില്‍ വിശ്രമിച്ച ശേഷം മൂന്നു മണിയോടെ തങ്കയങ്കി പേടകവുമായി സന്നിധാനത്തേക്ക് യാത്ര തിരിച്ചു.തങ്ക അങ്കി സ്വീകരിക്കാനുള്ള സംഘത്തെ 5.10 ന് തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ജയരാജ് പോറ്റിയും മാലയണിയിച്ച് ഭസ്മം ചാര്‍ത്തി. തുടര്‍ന്ന് കന്നിമൂല ഗണപതിയെ വണങ്ങി ശ്രീകോവിലിന് വലം വച്ച് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗണേശ്വരന്‍ പോറ്റി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ഹെഡ് അക്കൗണ്ടന്റ്) എം. അഭിജിത്ത്, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ എം.രവികുമാര്‍, പോലീസ് അസി. സ്‌പെഷ്യല്‍ ഓഫീസര്‍ പി.കെ.സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി പി.ബി. അനീഷ്, അസി. എന്‍ജിനിയര്‍ ശബരിമല കെ. സുനില്‍ കുമാര്‍, അസി. എന്‍ജിനിയര്‍ ഇലക്ട്രിക്കല്‍ ശബരിമല ജി. സന്തോഷ് കുമാര്‍, ദേവസ്വം പിആര്‍ഒ സുനില്‍ അരുമാനൂര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സന്നിധാനം റ്റി.ഡി. പ്രജീഷ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.ബി.മണിക്കുട്ടന്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയിലേക്ക് പുറപ്പെട്ടു.

വൈകുന്നേരം 5.30ന് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തങ്കയങ്കി ഘോഷയാത്രക്ക് ആചാരപൂര്‍വം സ്വീകരണം നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ആനയിച്ചു. 6.15ന് ഘോഷയാത്ര വലിയ നടപ്പന്തലിലെത്തി. 6.22ന് പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരച്ചുവട്ടില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, ഐ.ജി. എസ്. ശ്രീജിത്ത്, ചീഫ് എന്‍ജിനിയര്‍ കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അജിത് കുമാര്‍, സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.എസ്.രാജു തുടങ്ങിയവരും മറ്റ് വിശിഷ്ട അതിഥികളും ചേര്‍ന്ന് ഘോഷയാത്രയായി കൊണ്ടുവന്ന തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് തങ്കയങ്കി സോപാനത്തില്‍ വച്ച് തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ജയരാജ് പോറ്റിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോയി. ശേഷം 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടന്നു. രാത്രി 8.30 ന് അത്താഴപൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി ഒന്‍പതു മണിക്ക് നട അടയ്ക്കും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

26 ന് പുലര്‍ച്ചെ അഞ്ചിന് നട തുറക്കും. 26 ന് ഭക്തര്‍ക്ക് ദര്‍ശനത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 26 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലപൂജ ഉത്സവത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉല്‍സവ കാലം. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.