നിയമസഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചു

post

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉപയോഗിക്കേണ്ട വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങള്‍ തെലങ്കാനയില്‍നിന്ന് എത്തിച്ചു. 3200 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 3400 വിവിപാറ്റ് യന്ത്രങ്ങളുമാണ് എട്ടു കണ്ടെയ്‌നര്‍ ലോറികളിലായി ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കൊണ്ടുവന്നത്.

എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിക്കപ്പെട്ട എന്‍.എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ തിരഞ്ഞെടുപ്പ് വിഭാഗത്തിലെയും പോലീസിലെയും ഉദ്യോഗസ്ഥരടങ്ങുന്ന 15 അംഗ സംഘം തെലങ്കാനയിലെ നിസാമാബാദ്, രംഗറെഡ്ഡി, ഖമ്മം ജില്ലകളില്‍നിന്നാണ് ഇവ എത്തിച്ചത്.

തിരുവാതുക്കലിലെ ഇ.വി.എം വെയര്‍ഹൗസില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ യന്ത്രങ്ങള്‍ ഇവിടെയാണ് സൂക്ഷിക്കുക. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു തുടങ്ങിയവരും സന്നിഹിതനായിരുന്നു.