നൂറ് മേനി കൊയ്തെടുത്ത് ഹരിത കേരളം മിഷൻ

post

വയനാട് : കോവിഡ് കാലത്തെ പരിശ്രമത്തിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് ഹരിത മാതൃകയായി ഒരു സര്‍ക്കാര്‍ ഓഫീസ്. പത്ത് വര്‍ഷമായി തരിശു കിടന്ന 53 സെന്റ് വയലില്‍ നെല്‍കൃഷിയിറക്കി ഹരിത കേരളം ജില്ലാ മിഷന്‍ ജീവനക്കാര്‍ കൊയ്തെടുത്തത് നൂറുമേനി വിളവ്. ഹരിത കേരളം മിഷന്‍ കൃഷി ഉപമിഷന്റെ  തരിശു രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിയുടെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയും പരമാവധി തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് ജില്ലാമിഷന്‍ അംഗങ്ങള്‍ നേരിട്ട് കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്.  ജില്ലാ കോര്‍ഡിനേറ്റര്‍ , റിസോഴ്സ് പേഴ്സണ്‍മാര്‍, യങ് പ്രൊഫഷണലുകള്‍ എന്നിവരടങ്ങുന്ന 17 ജീവനക്കാരാണ് പരിപാടിയുടെ ഭാഗമായത്. കൃഷിക്ക്യാവിശ്യമായ മുഴുവന്‍ ചിലവും ഹരിത കേരളം മിഷന്‍ ടീം തുല്യമായി വഹിക്കുകയായിരുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വണ്ടിയാമ്പറ്റയില്‍ തരിശു ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.  കാട് വെട്ടല്‍ മുതല്‍ നിലം കൃഷിയോഗ്യമാക്കുന്നതുവരെയുള്ള പ്രവൃത്തികള്‍ നടത്താന്‍  കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വകുപ്പിന്റെ സഹകരണവും കൂടി ഉണ്ടായിരുന്നു. തരിശു രഹിത കൃഷി പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശവുമായി ഒരു സര്‍ക്കാര്‍  വകുപ്പ് നേരിട്ടിറങ്ങിയപ്പോള്‍ ജനങ്ങളില്‍ മതിപ്പുണ്ടാക്കാനും വ്യാപകമായി ജന പിന്തുണ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട് എന്നത് ഈ ആശയത്തെ കൂടുതല്‍ ജനകീയമാക്കുന്നു.