കൃഷി നാശം: വിള ഇന്‍ഷുറന്‍സ് തുക അടിയന്തിരമായി നല്‍കും

post

ആലപ്പുഴ: കുട്ടനാട്ടില്‍ കൃഷി നാശം സംഭവിച്ച കൃഷിക്കാര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിള ഇന്‍ഷുറന്‍സ് തുക എത്രയും വേഗം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും കര്‍ഷക ക്ഷേമ കൃഷി വികസന വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കുട്ടനാട്ടില്‍ ഈ വര്‍ഷത്തെ കൃഷി നാശം നേരിട്ടു കാണുന്നതിനും വിലയിരുത്തുന്നതിനുമായി എത്തി വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. 

ഓഗസ്റ്റ് മാസത്തിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 2828.14 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഒക്ടോബറില്‍ വീണ്ടും പ്രളയം ഉണ്ടായപ്പോള്‍ 2879.18 നെല്‍കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. 4136.76 ഹെക്ടര്‍ ഭാഗികമായി വെള്ളത്തിനടിയിലായി. 625.88 ഹെക്ടര്‍ മാത്രമാണ് കൊയ്തത്. സര്‍ക്കാരിനും കര്‍ഷകര്‍ക്കും അപ്രതീക്ഷിതമായുണ്ടായ പ്രകൃതി ക്ഷോഭം വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ 107 കോടി രൂപയുടെ നഷ്ടം കൃഷി വകുപ്പ് തിട്ടപ്പെടുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. 10470 ഹെക്ടര്‍ സ്ഥലത്താണ് രണ്ടാം കൃഷി ഇറക്കിയത്.

നല്ലവിളവ് കര്‍ഷകര്‍ക്കുന്ന സാഹചര്യമായിരുന്നു. അപ്രതീക്ഷിതമായി വന്ന മഴ പ്രതീക്ഷകളെ തെറ്റിക്കുകയായിരുന്നു. സംസ്ഥാന ഇന്‍ഷുറന്‍സും കേന്ദ്ര ഇന്‍ഷുറന്‍സും സംയുക്തമായി നടപ്പാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ 35,000 രൂപ ഹെക്ടറിന് നല്‍കുന്ന ഇന്‍ഷുറന്‍സ് സ്‌കീമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. ഈ സര്‍ക്കാര്‍ വരുമ്പോള്‍ 13,000രൂപ മാത്രമായിരുന്നു വിള ഇന്‍ഷുറന്‍സ് തുക. ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള ചര്‍ച്ച കഴിഞ്ഞു. 

എത്രയും പെട്ടെന്ന് വിള ഇന്‍ഷുറന്‍ തുക നല്‍കും. കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചര്‍ക്ക് കഴിഞ്ഞ പ്രളയക്കെടുതിയില്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. വിത്ത് ക്ഷാമം ഉണ്ടാവില്ല. ആവശ്യമായ വിത്ത് വിതയുടെ സമയക്രമം അനുസരിച്ച് ഇടതടവില്ലാതെ ലഭ്യമാക്കും. മടവീണിടത്ത് അത് ശരിയാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പമ്പിങ് കുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ത്ത് വരുകയാണെന്നും മന്ത്രി പറഞ്ഞു. പണ്ടാരക്കുളം പാടശേഖരത്തിലെ കൃഷിക്കാരന്‍ വര്‍ഗ്ഗീസ് ആന്റണി കായല്‍ ചിറയാണ് മന്ത്രി ആദ്യം പരിശോധിച്ചത്. 

തുടര്‍ന്ന് കോയിക്കല്‍ പാടശേഖരം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ തവണ 20,25 രൂപ മുടക്കി മടകുത്തിയ സ്ഥലത്ത് തന്നെ ഇത്തവണയും മടവീണ സാഹചര്യം പഠിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ 26.90 രൂപ വച്ച് നെല്ല് സംഭരിക്കുകയാണെന്നും കൃഷി നാശത്തിന്റെ ഭാരം പേറുന്ന കര്‍ഷകരുടെ മേല്‍ അധിക നഷ്ടം അടിച്ചേല്‍പ്പിക്കാതെ നെല്ല് സംഭരണം നടത്തുന്ന കാര്യം ഭക്ഷ്യവകുപ്പുമന്ത്രിയുമായി ചര്‍ച്ചചെയ്‌തെന്നും സുനില്‍കുമാര്‍ അറിയിച്ചു. 

എം.എല്‍.എമാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ലത ജി.പണിക്കര്‍ വിവിധ പടശേഖരസമിതി പ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.