കാസര്‍കോട് വികസന പാക്കേജ്: തടയണോത്സവം 31 മുതല്‍

post

കാസര്‍കോട്: ജില്ലയിലെ എല്ലാ നീര്‍ച്ചാലുകളിലും തടയണകള്‍ നിര്‍മ്മിച്ച് പരമാവധി ജലം സംരക്ഷിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ഡിസംബര്‍ 31 മുതല്‍ ജനുവരി 9 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തടയണ ഉത്സവം നടത്തുന്നു. എല്ലാ നദികളിലും നീര്‍ച്ചാലുകളിലും സമ്പൂര്‍ണ ജലസംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് സ്ഥിര, അര്‍ധസ്ഥിര, താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

വരള്‍ച്ചാ ലഘൂകരണത്തിന് ബഹുമുഖപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29 മുതല്‍ ജനുവരി 4 വരെ നടത്തിയ തടയണോത്സവം ജലസംരക്ഷണത്തിന് തനത് കാസര്‍കോടന്‍ മാതൃക സൃഷ്ടിച്ചിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് 6500 തടയണകള്‍ നിര്‍മ്മിക്കും. ത്രിതല പഞ്ചായത്ത് ഫണ്ട്, എംജിഎന്‍ആര്‍ഇജിഎസ് ഫണ്ട്, കാസര്‍കോട് വികസന പാക്കേജ് ഫണ്ട്, വകുപ്പുതല ഫണ്ട് തുടങ്ങിയ ഫണ്ടുകള്‍ ഇതിനായി വിനിയോഗിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജലസംരക്ഷണയജ്ഞത്തിന്റെ രണ്ടാം ഘട്ടമായി നടപ്പിലാക്കുന്ന തടയണോത്സവം ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

പ്രാദേശികമായി ലഭിക്കുന്ന കാട്ടുകല്ല്, മുള, ഓല, മണ്ണ് നിറച്ച ചാക്ക് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചുളള തടയണകളും കിണര്‍ റിംഗ്, മെറ്റല്‍ ഷീറ്റ് എന്നിവ ഉപയോഗിച്ചുളള അര്‍ധസ്ഥിര തടയണകളും നൂതന സാങ്കേതിക വിദ്യയോടുകൂടി പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ഡാമുകള്‍ തുടങ്ങിയ സ്ഥിര സംവിധാനങ്ങളുടെ നിര്‍മ്മാണവും  തടയണോത്സവം 2021 ല്‍ ഉള്‍പ്പെടുത്തും.  

ജില്ലയിലെ വിവിധ നീര്‍ച്ചാലുകളിലും കൈത്തോടുകളിലുമായി പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍കൊണ്ട് 2000 ത്തോളം തടയണകള്‍ നിര്‍മ്മിച്ച് ജലക്ഷാമം ഒരു പരിധിവരെ കുറക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ തടയണോത്സവം കൊണ്ട് സാധിച്ചിരുന്നു.