ആശ്വാസകിരണം പദ്ധതിക്ക് 58.12 കോടി രൂപ അനുവദിച്ചു

post

തിരുവനന്തപുരം : മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 58.12 കോടി രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 600 രൂപ  ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. നിലവില്‍ 1,13,713 പേരാണ് പദ്ധതിയുടെ  ഗുണഭോക്താക്കള്‍ ആശ്വാസകിരണം ധനസഹായത്തിന് അര്‍ഹതയുളളവര്‍ക്ക് മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നതിന് തടസമില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. ക്യാന്‍സര്‍, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങള്‍ എന്നിവ മൂലം മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികള്‍, ശാരീരിക മാനസിക വൈകല്യമുളളവര്‍, നൂറു ശതമാനം അന്ധത ബാധിച്ചവര്‍, തീവ്രമാനസിക രോഗമുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍, എന്‍ഡോസള്‍ഫാന്‍ ബാധിച്ച് പൂര്‍ണമായും ദുര്‍ബലപ്പെട്ടവര്‍ തുടങ്ങിയ വിഭാഗത്തില്‍പെട്ടവരെ പരിചരിക്കുന്നവര്‍ക്കാണ് ആശ്വാസകിരണം പദ്ധതിയിലൂടെ ധനസഹായം നല്‍കുന്നത്.