സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

post

 മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

 രോഗബാധ നിയന്ത്രിക്കാന്‍ അടിയന്തിരനടപടിക്ക് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് താറാവുകളില്‍ ആലപ്പുഴ ജില്ലയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂറും പക്ഷിപ്പനി സ്ഥിരീകരിച്ചതായും രോഗബാധ നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചതായും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു.

താറാവുകളില്‍ അസാധാരണമായ മരണനിരക്ക് കണ്ടതിനെ തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലും  ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എട്ടു സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ അഞ്ചു സാമ്പിളുകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രനിര്‍ദ്ദേശത്തിനനുസരിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാനും രോഗബാധ നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടി ത്വരിതപ്പെടുത്താനും തീരുമാനമായി.

ഇന്‍ഫ്ളുവന്‍സ ടൈപ്പ് എ എന്ന വൈറസാണ് പക്ഷിപ്പനി പരത്തുന്നത്. വൈറസിന്റെ വകഭേദമനുസരിച്ച് മാരകമാകുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാം. ഇപ്പോള്‍ സ്ഥിരീകരിച്ചത് എച്ച് 5 എന്‍ 8 വൈറസാണ്. ഇവ ഇതുവരെ മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ല. അതുകൊണ്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റില്‍  ഡയറക്ടറുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കോട്ടയം, ആലപ്പുഴ ജില്ല വെറ്ററിനറി കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ചീഫ് വെറ്ററിനറി ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തു. ജോയിന്റ് ഡയറക്ടര്‍ (പൗള്‍ട്രി) സംസ്ഥാന നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കും. ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മോണിട്ടറിംഗ് അഡീഷണല്‍ ഡയറക്ടര്‍ (പ്ലാനിംഗ്) നിര്‍വഹിക്കും. ജില്ലകളില്‍ റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, പോലീസ്, വനം എന്നീ വകുപ്പുകളുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. ദ്രുതകര്‍മ്മസേനകളെ സജ്ജമാക്കി കേന്ദ്ര നിര്‍ദ്ദേശ പ്രകാരം താറാവുകളുടെ കള്ളിംഗ് നടത്താനും തീരുമാനിച്ചു. രോഗനിരീക്ഷണം, അണുനശീകരണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ സഹകരണം വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

രോഗസൂചന ലഭിച്ചപ്പോള്‍ തന്നെ വകുപ്പ് മുന്‍കരുതല്‍ എടുത്തതിനാല്‍ മറ്റു പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യത ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.