കേരളത്തില്‍ കിഫ്ബിയിലൂടെ 20,000 കോടിയിലധികം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുമരാമത്ത് വകുപ്പ്

post

തിരുവനന്തപുരം: കേരളത്തില്‍ കിഫ്ബി സഹായത്തോടെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ മാത്രം ഈ ഘട്ടത്തില്‍ 20000 കോടിയിലധികം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബി 50000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികള്‍ക്കു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒട്ടേറെ പദ്ധതികളുമുണ്ട്. നിലവില്‍ 5015 പദ്ധതികളാണ് ഇത്തരത്തിലുള്ളത്. ഇതില്‍ 305 പദ്ധതികള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവ മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്. ഇടവേളകളില്ലാത്ത പ്രതിസന്ധികളാണ് സംസ്ഥാനം നേരിട്ടത്. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ വിട്ടുവീഴ്ച വരുത്തിയില്ല. നിരവധി പാലങ്ങളുടെയും റോഡുകളുടെയും നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നു. പ്രതിസന്ധികളെ നേരിട്ട് നാടിന്റെ ആവശ്യങ്ങള്‍ നല്ല രീതിയില്‍ നിറവേറ്റാന്‍ കഴിഞ്ഞു.

സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കുണ്ടന്നൂര്‍ പാലവും നിര്‍മിച്ചിരിക്കുന്നത്. വെല്ലിംഗ്ടണ്‍ ഭാഗത്തു നിന്നു വരുന്ന അഞ്ചര മീറ്റര്‍ ഉയരമുള്ള വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പാലത്തിന്റെ ഉയരം ക്രമീകരിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കല്‍ ഒഴിവാക്കിയാണ് പാലം നിര്‍മിച്ചതെന്ന പ്രത്യേകതയുമുണ്ട്. പാലം യാഥാര്‍ത്ഥ്യമായതോടെ സിഗ്നല്‍ സഹായമില്ലാതെ ഈ ഭാഗത്ത് ദേശീയ പാതയിലൂടെ സഞ്ചാരം സാധ്യമായിരിക്കുന്നു. എറണാകുളം നഗരത്തിന്റെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാണ് കുണ്ടന്നൂര്‍ പാലത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയുടെ ഭാഗമായി 2.50 ലക്ഷം വീടുകള്‍ പൂര്‍ത്തിയായി. പത്തു ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ബാക്കിയുള്ള വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടന്നു വരികയാണ്. വീട് നിര്‍മാണത്തിന്റെ നിലവിലെ ഘട്ടങ്ങളില്‍ അവസരം ലഭിക്കാതിരുന്നവരുടെ വിവരം ശേഖരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദാരിദ്ര്യനിര്‍മാര്‍ജനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ 1500 രൂപയാക്കി. കാര്‍ഷിക മേഖലയിലും പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടു. ഇതിലൂടെ ജനങ്ങളുടെ വരുമാന രീതിയില്‍ മാറ്റം വരാന്‍ പോവുകയാണ്. നാടിന്റെ ഭാവിയെക്കണ്ടാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. ഇതിനായി എല്ലാവരും ഒത്തുചേര്‍ന്നു നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.