കോളിയടുക്കം സ്‌കൂള്‍ അധികൃതരുടെ ആവശ്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: റവന്യൂ മന്ത്രി
കാസര്‍കോട്: കോളിയടുക്കം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന സ്‌കൂള്‍ അധികൃതരുടെയും നാട്ടുകാരുടെയും ആവശ്യം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കോളിയടുക്കം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തണമെന്ന ആവശ്യത്തിന് നിയമപരമായ സാധ്യതയുണ്ടെയെന്ന് പരിശോധിക്കും, സാധ്യതയുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ആരംഭിക്കുന്നത് മുതലുളള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത് കൊണ്ട്, സ്‌കൂളിന്റെ ഓരോ പ്രവര്‍ത്തനത്തെയും പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി സ്‌കൂളില്‍ ആശാവഹമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടായ 20 ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളും മൂന്ന് ശൗചാലയവും എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് ഒരു ക്ലാസ് മുറിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ടോയ്‌ലറ്റ് കോംപ്ലക്‌സുകളും ആണ് നിര്‍മ്മിച്ചത്. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എച്ച്എഎല്‍ ജനറല്‍ മാനേജര്‍ രാജീവ് കുമാര്‍ മുഖ്യാതിഥിയായി.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്‍ വി തങ്കച്ചന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബുബക്കര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി. ഡി. കബീര്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ തെക്കില്‍,ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷാസിയ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ഗീത, എന്‍ വി ബാലന്‍, മായ കരുണാകരന്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി. വി. വിജിമോന്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, എച്ച്എഎല്‍ ഉദ്യോഗസ്ഥര്‍, കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.