അഞ്ചു വര്‍ഷത്തിനിടെ ആരംഭിച്ചത് 4179 പ്രവാസി സ്റ്റാര്‍ട്ട് അപ്പുകള്‍

post

തിരുവനന്തപുരം : നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പദ്ധതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൈത്താങ്ങായത് 4179 സംരംഭകര്‍ക്ക്. ഈ കാലയളവില്‍ 220.37 കോടി രൂപയാണ് പ്രവാസികളുടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. 20192020 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1043 പേരാണ് പ്രവാസി സ്റ്റാര്‍ട്ടപ്പ് പദ്ധതി ഉപയോഗപ്പെടുത്തി സംരംഭകരായത്. ഇതിനായി 53.40 കോടി രൂപയാണ്  അനുവദിച്ചത്. വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനായി നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കാന്‍ കഴിയുന്ന പ്രവാസികളുടെ പ്രഫഷണല്‍ നൈപുണ്യത്തിനനുസൃതമായ പുനരധിവാസമാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള ബാങ്ക്, കനറാ ബാങ്ക്, ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്പ്‌മെന്റ് സഹകരണ സൊസൈറ്റി തുടങ്ങി പതിനാറോളം ബാങ്കുകളുടെ സഹകരണത്തോടെ പ്രവാസികള്‍ക്ക് വായ്പാ നല്‍കുന്നു. 30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്‌സിഡിയോടെ (പരമാവധി 3 ലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായ പലിശ തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാല് വര്‍ഷം 3 ശതമാനം പലിശ ഇളവും നല്‍കുന്നുണ്ട്. വിദേശത്ത് കുറഞ്ഞത് രണ്ട് വര്‍ഷം ജോലി ചെയ്ത് മടങ്ങിയെത്തി കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ്് സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാന്‍ സഹായം നല്‍കുന്നത്. പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തിക്കാനും വായ്പാ നടപടികള്‍ എളുപ്പമാക്കാനും ഒറ്റ ദിവസം കൊണ്ട് വായ്പാ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഫീല്‍ഡ് ക്യാമ്പുകള്‍ നോര്‍ക്ക വ്യപകമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 201920 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ക്യാമ്പുകള്‍ നടത്തിയത്. ഇതുവഴി 500 ഓളം പേരെ ഗുണഭോക്താക്കളാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2020 നംവംബര്‍ മാസം വരെ 2895 സംരംഭകങ്ങള്‍ക്കായി 45.21 കോടി രൂപ സബ്‌സിഡിയായി വിതരണം ചെയ്തിട്ടുണ്ട്.

അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും  http://norkapsp.startupmission.in/  എന്ന ലിങ്ക് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ 08047180470 (കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍), നോര്‍ക്ക ടോള്‍ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാള്‍ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.