33ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് 25 മുതല്‍ 30 വരെ

post

തിരുവനന്തപുരം : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന 33ാമത് ശാസ്ത്ര കോണ്‍ഗ്രസ് ജനുവരി 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് നടക്കും. 25 മുതല്‍ 29 വരെ നടക്കുന്ന പ്രീ കോണ്‍ഫറന്‍സില്‍ എല്ലാ അവതരണങ്ങളും വിര്‍ച്യുല്‍ പ്ലാറ്റ് ഫോമിലാണ് കൈകാര്യം ചെയ്യുന്നത്. 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എസ്. വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ അവാര്‍ഡ്, യുവ ശാസ്ത്ര പുരസ്‌കാരം, മികച്ച പ്രബന്ധങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും അവാര്‍ഡ് തുടങ്ങിയവയും വിതരണം ചെയ്യും.

'പകര്‍ച്ചവ്യാധികള്‍: അപകടസാധ്യതയും ആഘാതലഘൂകരണവും' എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ വിഷയം. കേരളം നേരിട്ട ദുരന്തങ്ങളേയും മറ്റു വെല്ലുവിളികളേയും കുറിച്ച് പ്രഗത്ഭരായ ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയുള്ള അവലോകനമാണ് പ്രധാന പരിപാടി. കൂടാതെ കാര്‍ഷികഭക്ഷ്യ ശാസ്ത്രം, ബയോടെക്‌നോളജി, രസതന്ത്രം, ഭൗമശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതിവനം ശാസ്ത്രം, മത്സ്യമൃഗ സംരക്ഷണ ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗണിത ശാസ്ത്രം, ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകളും പ്രബന്ധാവതരണവും ഉണ്ടായിരിക്കും.

ഉന്നത ശാസ്ത്ര മേഖലയ്ക്ക് നേതൃത്വം നല്‍കിയ കേരളീയരായ ഡോ. പി.കെ. അയ്യങ്കാര്‍, ഡോ. പി.കെ. ഗോപാലകൃഷ്ണന്‍, ഡോ.പി.റ്റി. ഭാസ്‌കര പണിക്കര്‍, ഡോ. പി.ആര്‍. പിഷാരടി, ഡോ. ജി.എന്‍. രാമചന്ദ്രന്‍, ഡോ. ഇ.കെ ജാനകിഅമ്മാള്‍ എന്നിവരെ ആദരിക്കുന്ന സ്മാരക പ്രഭാഷണങ്ങള്‍ ഉണ്ടാകും.

ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും പ്രമുഖ ശാസ്ത്ര ഗവേഷകരുമായുള്ള സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ഉണ്ടാകും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ശാസ്ത്ര വിദ്യാര്‍ഥികള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ബാല ശാസ്ത്ര കോണ്‍ഗ്രസ് വിദ്യാര്‍ഥികള്‍ എന്നിവരുടെ രജിസ്‌ട്രേഷന്‍ 15 വരെ തുടരും