ആർദ്രം മിഷൻ രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച

post


*വൺ ഹെൽത്ത്, വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാൻസർ നിയന്ത്രണ പദ്ധതി

 നവകേരളം കർമപദ്ധതി-2 ന്റെ ഭാഗമായ ആർദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (മേയ് 17) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

എല്ലാവർക്കും താങ്ങാവുന്നതും പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ആർദ്രം മിഷന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗം, ചികിത്സ എന്ന രീതിയിൽ നിന്നു മാറി ആരോഗ്യം, സൗഖ്യം എന്ന ആശയത്തിന് പ്രചാരണം നൽകുകയും, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനുള്ള ജനകീയ ഇടപെടലുകൾ നടത്തുകയുമാണ് ആർദ്രം മിഷൻ രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്ന 10 പദ്ധതികളിൽ സുപ്രധാനങ്ങളായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. വൺ ഹെൽത്ത്, വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാൻസർ നിയന്ത്രണ പദ്ധതി എന്നിവയാണവ. ഈ പദ്ധതികൾ ആരോഗ്യ മേഖലയ്ക്ക് കരുത്താകുമെന്നും മന്ത്രി വ്യക്തമാക്കി.

വൺ ഹെൽത്ത്

ഇന്ത്യയിൽ ആദ്യമായി വൺ ഹെൽത്ത് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. കോവിഡ് പോലെയുള്ള മഹാമാരികളുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിർത്തി രോഗ പ്രതിരോധമാണ് വൺ ഹെൽത്തിലൂടെ ലക്ഷ്യമിടുന്നത്. ജന്തുജന്യ രോഗങ്ങൾക്ക് കാരണമാകുന്ന അസാധാരണമായ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തെ കണ്ടെത്തൽ, ആവശ്യകത അനുസരിച്ചുള്ള പങ്കാളിത്ത ഇടപെടലുകൾ എന്നിവയാണ് വൺ ഹെൽത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വൺ ഹെൽത്ത് പദ്ധതി നടപ്പിലാക്കും.

വാർഷിക ആരോഗ്യ പരിശോധനാ പദ്ധതി

ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിക്കുന്ന പദ്ധതിയാണ് പോപ്പുലേഷൻ ബേസ്ഡ് സ്‌ക്രീനിംഗ് അഥവാ വാർഷിക ആരോഗ്യ പരിശോധന. ഈ പദ്ധതിയിലൂടെ 30 വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചുമുള്ള വിവരശേഖരണം നടത്തുന്നതിന് ആശ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇ-ഹെൽത്ത് മുഖേന ശൈലി എന്ന പേരിൽ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആശ പ്രവർത്തകർ വിവരശേഖരണം നടത്തി കഴിയുമ്പോൾ തന്നെ ആ പ്രദേശത്തെ ആരോഗ്യ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകുന്നതാണ്. ഇതിലൂടെ പ്രാദേശികമായിട്ടും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാർത്ഥകണക്ക് ലഭ്യമാകുന്നതാണ്. ഇത് ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിത്സയ്ക്കും ഏറെ സഹായകരമാകുന്നതാണ്.

സംസ്ഥാന കാൻസർ നിയന്ത്രണ പദ്ധതി

കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് കാൻസർ നിയന്ത്രണ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തോടെ കാൻസർ സെന്ററുകളുടേയും ആശുപത്രികളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രീയമായ അവബോധം നൽകി കാൻസർ കുറച്ച് കൊണ്ടുവരിക, കാൻസർ പ്രാരംഭ ദിശയിൽ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കി പരമാവധി കാൻസർ പ്രാരംഭ ദിശയിൽത്തന്നെ കണ്ടെത്തുക, കാൻസർ സെന്ററുകളേയും, മെഡിക്കൽ കോളേജുകളെയും ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളേയും ഉൾപ്പെടുത്തി കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് കാൻസർ ചികിത്സ വികേന്ദ്രീകരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.