പൊന്നാനി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ പേപ്പര്‍ ബാഗ് നിര്‍മാണം ആരംഭിച്ചു
മലപ്പുറം : ഭിന്നശേഷിക്കാരുടെ അതിജീവനത്തിന് സാധ്യതകള്‍ തേടുന്ന പൊന്നാനി നഗരസഭയുടെ പൊന്നാനി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഇനി പേപ്പര്‍ ക്യാരി ബാഗും വിപണിയിലെത്തിക്കും. പേപ്പര്‍ ക്യാരി ബാഗ് നിര്‍മാണ യൂനിറ്റിന്റെ പ്രവര്‍ത്തനം സെന്ററില്‍ ആരംഭിച്ചു. സെന്ററിലെ പഠിതാക്കളില്‍ നിന്നും തെരഞ്ഞെടുത്ത പതിനൊന്ന് കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള പരിശീലനമാണ് ആരംഭിച്ചത്. കുടുംബശ്രീയുടെ ബഡ്‌സ് ജീവനോപാദി പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കുന്നത്.
സെന്ററിലെ പഠിതാക്കളുടെ ഉപജീവനം ലക്ഷ്യം ബഡ്‌സ് എന്ന പേരില്‍ ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ നേരത്തെ നിര്‍മിച്ച് വിപണിയിലെത്തിച്ചിരുന്നു. ഹാന്റ് വാഷ്, ഡിഷ് വാഷ്, ഫിനോയില്‍, ലിക്വിഡ് ഡിറ്റര്‍ജെന്റ്, ഫ്‌ലോര്‍ ക്ലീനര്‍, ടോയ്‌ലറ്റ് ക്ലീനര്‍ എന്നീ ഉല്‍പ്പന്നങ്ങളാണ് നിര്‍മിച്ചു വരുന്നത്. നഗരസഭയില്‍ സ്ഥാപിച്ച ട്രസ്റ്റ് ഷോപ്പ് വഴിയും മറ്റും സുമനസുകള്‍ ഉല്‍പ്പന്നം വാങ്ങിയത് വഴി ചെറിയ വരുമാനം കണ്ടെത്താന്‍ ഇവര്‍ക്കായി. ബഡ്‌സ് ക്ലീനിങ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം നൂതന രീതിയിലേക്ക് മാറ്റുന്നതിനായി മിക്‌സിങ് മെഷീന്‍ കഴിഞ്ഞ ദിവസം സെന്ററില്‍ സ്ഥാപിച്ചിരുന്നു.
ബഡ്‌സ് സെന്ററില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ വെള്ളാനി അശോകന്‍, കെ.ഷാഫി, കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ നിമിഷ, അധ്യാപിക നിത്യ, പി.ടി.എ പ്രസിഡന്റ് സി.ടി ബാലമണി എന്നിവര്‍ സംസാരിച്ചു.