പ്രാദേശിക തലത്തിൽ ദുരന്തപ്രതിരോധ പദ്ധതി: ഉദ്ഘാടനം 21 ന്
* നമ്മള്‍ നമുക്കായി പരിപാടിക്കും തുടക്കം
* മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
തിരുവനന്തപുരം: പ്രാദേശിക തലത്തില്‍ ദുരന്തപ്രതിരോധ സംവിധാനം കൊണ്ടുവരുന്നതിനുളള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനുവരി 21ന് തിരുവനന്തപുരം ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും. പ്രകൃതി സൗഹാര്‍ദ പുനര്‍നിര്‍മാണവും / ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനാഭിപ്രായം ശേഖരിക്കുന്ന 'നമ്മള്‍ നമുക്കായി' പരിപാടിക്കും അന്നേ ദിവസം തുടക്കമാകും. മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, കെ രാജു, കെ കൃഷ്ണന്‍കുട്ടി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, മേയര്‍ കെ ശ്രീകുമാര്‍, ശശി തരൂര്‍ എംപി, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ഡ് തലത്തില്‍ ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനായി ഫെബ്രുവരി മാസത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരും. അതിന് മുന്നോടിയായി സംസ്ഥാനത്തുടനീളം 2.46 ലക്ഷം പ്രവര്‍ത്തകര്‍ക്ക് കില വഴി പരിശീലനം നല്‍കുകയാണ്. പഞ്ചായത്ത് തലത്തില്‍ നമ്മള്‍ നമുക്കായി വികസനസെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് http://pcp.rebuild.kerala.gov.in/ എന്ന പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ അവസരമുണ്ട്. പ്രത്യേക ഗ്രാമസഭ മുതല്‍ പ്രത്യേക നിയമസഭ സമ്മേളനം വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയാണ് നമ്മള്‍ നമുക്കായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പ്ലാനിങ് വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.