ജില്ലയില്‍ അഞ്ചു വര്‍ഷത്തിനിടെ വിതരണം ചെയ്തത് 9437 പട്ടയങ്ങള്‍

post

കോഴിക്കോട്: ഭൂസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ചു കിട്ടുന്നതിനായി ഓഫീസുകള്‍ കയറിയിറങ്ങി നടന്ന് മടുത്തിരുന്ന കാലം ഇനി ഓര്‍മ്മ.  ജില്ലയില്‍ അഞ്ച് വര്‍ഷത്തിനിടെ, വിവിധ തരങ്ങളിലുള്ള 9,437 പട്ടയങ്ങള്‍ വിതരണം ചെയ്തത് ഇതിന് ഉദാഹരണമാണ്. പട്ടയം ഇല്ലാത്തതിന്റെ പേരില്‍, വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെയും ബാങ്ക് വായ്പയടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാതെയും ദുരിതത്തിലായിരുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു ഈ രംഗത്തെ സര്‍ക്കാര്‍ ഇടപെടല്‍. ഭൂമി കൈവശമുണ്ടായിട്ടും നികുതി അടക്കാന്‍ കഴിയാത്തവര്‍, ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയാത്തവര്‍, വനം വകുപ്പുമായുണ്ടായിരുന്ന കൈവശ തര്‍ക്കങ്ങള്‍ ഇത്തരത്തില്‍ ഭൂസംബന്ധമായ നിരവധി വിഷയങ്ങളിലാണ് റവന്യൂ വകുപ്പിന്റെ ഭൂപരിഷ്‌കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിഹാരമായത്.

പതിറ്റാണ്ടുകളായി ജില്ലയില്‍ നിലനിന്നിരുന്ന ഭൂപ്രശ്നമായിരുന്നു താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിലെ കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കുക എന്നുള്ളത്. ഇവിടുത്തെ 190 താമസക്കാര്‍ക്കുള്ള പട്ടയ വിതരണം ഈ മാസം അവസാനവാരം നടത്തുന്നതോടെ ഏറെ കാലമായുള്ള പ്രശ്‌നത്തിലാണ് പരിഹാരമാകുക. കൂടാതെ ഇവിടുത്തെ 500 താമസക്കാര്‍ക്കുകൂടി പട്ടയം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു പറഞ്ഞു. സുപ്രീംകോടതിയില്‍ നടന്നിരുന്ന കേസില്‍ 2019 ഡിസംബറില്‍ അന്തിമ വിധി വന്നതോടെയാണ് പട്ടയ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.

സുനാമി പുനരധിവാസ പദ്ധതിയില്‍ ലഭിച്ച ഭൂമിയില്‍ പട്ടയം ലഭിക്കാത്തവര്‍ക്കും ഈ സര്‍ക്കാറിന്റെ കാലത്ത് പട്ടയം വിതരണം ചെയ്തു. അഴിയൂരില്‍ 43 പേര്‍ക്കും ബേപ്പൂരില്‍ 34 പേര്‍ക്കും, ചെങ്ങോട്ട്കാവില്‍ 28 പേര്‍ക്കും ചേമഞ്ചേരിയില്‍ 19 പേര്‍ക്കുമടക്കം 147 കുടുംബങ്ങള്‍ക്കാണ് സുനാമി പദ്ധതിയില്‍ പട്ടയങ്ങള്‍ ലഭിച്ചത്.

ബേപ്പൂര്‍ വില്ലേജിലെ രാജീവ് ദശലക്ഷം കോളനിയില്‍ 40 പേര്‍ക്ക് പട്ടയം ലഭിച്ചു. വേളം വില്ലേജിലെ ചേരാപുരം കോളനിയില്‍ 22 പേര്‍ക്കും പാലേരി വില്ലേജില്‍ മേലേടത്ത് ലക്ഷം വീട് കോളനിയില്‍ 19 പേര്‍ക്കും ചെറുപുത്തലത്ത് ലക്ഷം വീട് കോളനിയില്‍ 11 പേര്‍ക്കും പട്ടയങ്ങള്‍ വിതരണം ചെയ്തു.

ഭൂപരിധി കേസ് നിലവിലുണ്ടായിരുന്നതിനാല്‍ നികുതി സ്വീകരിക്കാന്‍ കഴിയാതിരുന്ന ചെക്യാട് പഞ്ചായത്തിലെ 213 കുടുംബങ്ങള്‍ക്ക് താലൂക്ക് ലാന്റ് ബോര്‍ഡ് കേസ് തീര്‍പ്പാക്കി നികുതി സ്വീകരിക്കാനുള്ള നടപടി സ്വീകരിച്ചു.

കാന്തലാട് വില്ലേജില്‍ വനം വകുപ്പുമായി സഹകരിച്ച് മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരം വനം-റവന്യൂ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി 49 കുടുംബങ്ങളുടെ ഭൂമി കൈവശം സംബന്ധിച്ച് തീരുമാനമെടുക്കുകയും നികുതി സ്വീകരിക്കുകയും ചെയ്തു.

അഴിയൂര്‍ വില്ലേജിലെ ചോമ്പാല്‍ ഹാര്‍ബറില്‍ 20 മത്സ്യത്തൊഴിലാളികള്‍ക്കാണ് പട്ടയം നല്‍കിയത്. ഇതോടെ ദീര്‍ഘകാലമായി പരിഹരിക്കപ്പെടാതിരുന്ന വിഷയത്തിലാണ് പരിഹാരമായത്. കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലായി 87 കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം മിച്ചഭൂമി വിതരണം ചെയ്തു.

8,156 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളാണ് അഞ്ചു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ വിതരണം ചെയ്തത്. 12,000-ത്തിലധികം അപേക്ഷകളാണ് ഇനിയും പരിഗണനയിലിരിക്കുന്നത്. ഇവയില്‍ സമയബന്ധിതമായി പരിഹാരം കാണുന്നതിന്, 2019 ഫെബ്രുവരിയില്‍ വടകര താലൂക്ക് കേന്ദ്രമായി ഒരു ലാന്റ് ട്രിബ്യൂണല്‍ ഓഫീസ് കൂടെ ആരംഭിച്ചു. ഇതോടെ മുന്‍ഗണനാ ക്രമത്തില്‍, അപേക്ഷകളില്‍ വേഗത്തില്‍ പരിഹാരം കാണാന്‍ കഴിയുന്നുണ്ട്.

ഭൂസംബന്ധമായ വിഷയങ്ങളില്‍, വില്ലേജ് ഓഫീസ് അടക്കമുള്ള ഓഫീസുകളിലേക്കുള്ള അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞു, ഇ-പേയ്മെന്റ്, ഇ-പോസ് സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞതും ജനങ്ങള്‍ക്ക് ആശ്വാസവും സര്‍ക്കാറിന് നേട്ടവുമായി.