ജില്ലയില്‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി

post

തൃശൂര്‍ : പള്‍സ് പോളിയോ  ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് വയസ്സിനു താഴെയുള്ള  കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി. ഇതിനായി മൊബൈല്‍ ബൂത്തുകള്‍, ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പടെ ആകെ 1702 ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. അന്യദേശ തൊഴിലാളികളുടെ കുട്ടികള്‍ക്കും, ആദിവാസി മേഖലയിലെ കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്ന് നല്‍കി. വിവിധ കാരണങ്ങളാല്‍ തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക്  പ്രതിരോധം ലഭിച്ചു എന്ന്  ഉറപ്പ് വരുത്തുന്നതിനായി വീട് വീടാന്തരം സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകരും, പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകരും 20നും 21നും കൂടി പ്രവര്‍ത്തിച്ച് യജ്ഞം പൂര്‍ത്തീകരിക്കുന്നതാണ്. കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ (പോളിയോമൈലേറ്റിസ്).  പനി , ഛര്‍ദ്ദി , വയറിളക്കം , പേശി വേദന എന്നിവയാണ്   പോളിയോ രോഗ ലക്ഷണങ്ങള്‍.രോഗബാധയുണ്ടായാല്‍ ശരീരത്തിന്റെ ഏതെങ്കിലുമൊരു  ഭാഗം  തളര്‍ന്നു പോകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച്  കൈകാലുകളെയാണ് കൂടുതലായും അംഗവൈകല്യം ബാധിക്കുന്നത്. 2000ല്‍ മലപ്പുറത്താണ് കേരളത്തില്‍  അവസാനമായി പോളിയോരോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 2011 ല്‍ പശ്ചിമബംഗാളില്‍ അവസാന പോളിയോ രോഗം റിപ്പോര്‍ട്ട്   ചെയ്തു. 2014ല്‍  ലോകാരോഗ്യസംഘടന ഇന്ത്യ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കുകയുണ്ടായി. എന്നിരുന്നാലും അയല്‍ രാജ്യങ്ങളായ  അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍  എന്നിവിടങ്ങളില്‍  ഇപ്പോഴും  പോളിയോയുടെ ഭീഷണി നിലനില്‍ക്കുന്നു എന്നതിനാലും, അന്തര്‍  ദേശീയ യാത്രകള്‍ ധാരാളം ഉള്ളതിനാലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാ തല ഉദ്ഘാടനം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ .സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജിന്റെ 7 മാസം പ്രായമുള്ള മകള്‍ ബിനീറ്റാ ഗ്രേസ് ബിനോജിന് പോളിയോ തുള്ളി മരുന്ന് നല്‍കിക്കൊണ്ടാണ് മന്ത്രി പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് ചടങ്ങില്‍ അധ്യക്ഷയായി. ഡെപ്യൂട്ടി ഡി എം ഒ കെ. എന്‍ സതീഷ് പോളിയോ ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. ജെ . റീന മുഖ്യ പ്രഭാഷണം നടത്തി. ഡി പി എം ടി. വി സതീശന്‍ വിഷയമവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ഡിക്‌സണ്‍, പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിനോജ് ജോര്‍ജ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.