സ്ത്രീകള്‍ മുഖേന പരാതി നല്‍കി നിയമ സംവിധാനങ്ങളെ തെറ്റിധരിപ്പിക്കുന്നു: ഡോ.ഷാഹിദ കമാല്‍

post

വനിതാ കമ്മീഷന്‍ അദാലത്തില്‍ 70 പരാതികള്‍ പരിഗണിച്ചു

പത്തനംതിട്ട : സമൂഹത്തില്‍ പുരുഷന്മാര്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ക്കും കേസുകള്‍ക്കുമിടയില്‍ വീടുകളിലെ വയോധികരുള്‍പ്പടെയുളള സ്ത്രീകള്‍ മുഖേന പരാതി നല്‍കി വനിതാ കമ്മീഷനേയും മറ്റു നിയമ സംവിധാനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതി പരിഹരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം.

ഇത്തരം സാഹചര്യങ്ങളില്‍ പരാതിക്കാരായ വനിതകള്‍ എതിര്‍ കക്ഷികളെ കാണുകപോലും ചെയ്യാത്ത സാഹചര്യവുമുണ്ട്. കോടതികളില്‍ നിലനില്ക്കുന്ന കേസുകള്‍ വനിതാ കമ്മീഷനില്‍ പരിഹരിക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍ കേസ് കോടതിയിലുളള വിവരം മറച്ചുവച്ചു പരാതി നല്‍കുന്നവരുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഇരു കക്ഷികളേയും അദാലത്തില്‍ ചോദ്യം ചെയ്തു വരുമ്പോഴാണു നിജസ്ഥിതി കമ്മീഷനു ബോധ്യമാകുന്നത്. ഇതിലൂടെ കമ്മീഷന്റെ വിലയേറിയ സമയമാണു നഷ്ടപ്പെടുത്തുന്നത്. സംസ്ഥാനത്തിനു പുറത്ത് ജോലി തേടിപോകുന്ന ചില മക്കള്‍ നാട്ടിലുളള മാതാവിനു പലഭാഗങ്ങളില്‍ നിന്നും മാനസിക പീഡനം ഉണ്ടാക്കുന്നുവെന്നും ഇതു പരിഹരിക്കണമെന്നും ഫോണ്‍ മുഖേന അറിയിക്കാറുണ്ട്. എന്നാല്‍ ഇവരുടെ നാട്ടിലുളള മാതാവ് മുഖേന ഒരു പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.

അയല്‍വാസികള്‍ തമ്മിലുളള വഴക്കുകള്‍, കുടുംബകലഹം, തൊഴില്‍ തര്‍ക്കങ്ങള്‍, മൊബൈല്‍ ഫോണിലൂടെ സ്ത്രീകളെ അസഭ്യം പറയല്‍,  അശ്ലീല വീഡിയോകള്‍ മുഖേന അപമാനിക്കല്‍ തുടങ്ങിയ നിരവധി പരാതികള്‍ അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയിരുന്നു.

അയല്‍വാസിയായ പുരുഷന്‍ രാത്രിയില്‍ വാട്ടര്‍ ടാങ്കില്‍ നിന്നും ഹോസിട്ട് വെളളം ഉപയോഗിക്കുന്നതായും തന്റെ വളര്‍ത്തുനായയെ ദൂര സ്ഥലത്ത് ഉപേക്ഷിച്ചതായുമുളള വീട്ടമ്മയുടെ പരാതിയില്‍ പരാതിക്കാരി ഹാജരാകാഞ്ഞതിനാല്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. സഹോദരന്റെ മൊബൈല്‍ ഫോണിലൂടെ സഹോദരിയെ അപമാനിക്കുന്നുവെന്ന ഏനാത്ത് സ്വദേശിനിയുടെ പരാതിയുടെ അന്വേഷണ ചുമതല ഏനാത്ത് പോലീസിന് കൈമാറി.

ആകെ 70 പരാതികളാണ് കമ്മീഷന്റെ പരിഗണനയ്ക്ക് ലഭിച്ചത്. ഇതില്‍ 13 പരാതികള്‍  തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ വിവിധ വകുപ്പുകളില്‍ നിന്നുളള റിപ്പോര്‍ട്ടിനയച്ചു. ഒരു പരാതി കൗണ്‍സിലിങ്ങിനയച്ചു. അടുത്ത അദാലത്തില്‍ 51 പരാതികള്‍ വീണ്ടും പരിഗണിക്കും.

വനിത കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേഷ്‌കുമാര്‍, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സബീന, അഡ്വ.സീമ, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.