പോളിയോ: നിതാന്ത ജാഗ്രത വേണം : ആരോഗ്യമന്ത്രി

post

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം : പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രതവേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പോളിയോ. വെള്ളത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയുമാണ് ഇത് പകരുന്നത്. സാധാരണയായി രോഗം വന്ന് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രോഗം ഭേദമാകുമെങ്കിലും പാര്‍ശ്വഫലമായി കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിക്കുകയും സ്ഥിരമായ അംഗവൈകല്യത്തിന് കാരണമാകുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നേരത്തെ തന്നെ പോളിയോ വാക്‌സിന്‍ നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയൊരു യജ്ഞമാണ് കേരളത്തിലുടനീളം നടക്കുന്ന്. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ എല്ലാ മേഖലയിലൂടെയും പ്രവര്‍ത്തിക്കുകയാണ്. ഒട്ടേറെ പദ്ധതികളിലൂടെയും ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ട് പോകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ് പോളിയോ പ്രതിരോധം എന്നത്. ലോകത്തെ പോളിയോ വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം. 2014ല്‍ ഭാരതം പോളിയോ മുക്തമായെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താറായിട്ടില്ല. അയല്‍ രാജ്യങ്ങളില്‍ നിന്നും ഇപ്പോഴും ധാരാളം പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നമ്മുടെ രാജ്യത്തേക്കും രോഗ സംക്രമണ സാധ്യത വളരെ ഏറെയാണ്. അതിനാല്‍ കൃത്യമായ പോളിയോ വാക്‌സിന്‍ കൊടുത്തുകൊണ്ട് പ്രതിരോധം ശക്തപ്പെടുത്തേണ്ടതാണ്.
ഏകദേശം 25 ലക്ഷത്തോളം കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. 24,000 ത്തോളം വാക്‌സിനേഷന്‍ ബൂത്തുകള്‍ കൂടാതെ ട്രാന്‍സിറ്റ് ബൂത്തുകളും മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിനായി 24,247 ടീമുകളെയും പരിശീലനം നല്‍കി തെരഞ്ഞെടുത്തിട്ടുണ്ട്. നേരത്തെ നടത്തിയ മുന്നൊരുക്കത്തിന്റെ വലിയൊരു യജ്ഞമാണ് നടക്കുന്ന്. ഇങ്ങനെ ശ്രദ്ധയോടെ മുന്നേറുന്നത് കൊണ്ട് കേരളം പല കാര്യങ്ങളിലും മുന്നിലാണ്. ശിശുമരണ നിരക്കും മാതൃ മരണ നിരക്കും കുറവാണ്. പല രോഗങ്ങളേയും പ്രതിരോധിക്കാന്‍ നമുക്കായിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
അഡ്വ. ഐ.ബി. സതീഷ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. രാജു, ഡോ. സി. മുരളീധരന്‍ പിള്ള, വിളപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള കുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്. ശോഭന കുമാരി, വിളപ്പില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍കുമാര്‍, വിളപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബിജുദാസ്, ഹോമിയോപ്പതി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രദീപ്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ലോകാരോഗ്യ സംഘടന സര്‍വയലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രതാപചന്ദ്രന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക് സംസ്ഥാന പ്രസിഡന്റ് ഡോ. ഐ. റിയാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. എലിസബത്ത് ചീരന്‍, വാര്‍ഡ് മെമ്പര്‍ പി. ഷീല എന്നിവര്‍ പങ്കെടുത്തു.