ചലച്ചിത്ര അവാര്‍ഡില്‍ അംഗീകരിക്കപ്പെട്ടത് കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന കലാകാരന്‍മാര്‍ : മുഖ്യമന്ത്രി

post

*2019 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം :  വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരന്‍മാരാണ് ചലച്ചിത്ര അവാര്‍ഡിലൂടെ അംഗീകരിക്കപ്പെട്ടതില്‍ ഏറെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2019 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ജെ.സി ഡാനിയേല്‍ പുരസ്‌കാരവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കലാമൂല്യത്തിന്റെ കാര്യത്തിലും പ്രമേയത്തിലെ പുരോഗമന മൂല്യത്തിന്റെ കാര്യത്തിലും മികവുപുലര്‍ത്തിയ ചലച്ചിത്ര പ്രവര്‍ത്തകരെയാണ് ഇത്തവണയും ആദരിക്കുന്നത്. സ്ത്രീകളുടെ ചെറുത്തുനില്‍പ്പും ആദിവാസികളുടെ പ്രശ്‌നങ്ങളും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ അവാര്‍ഡ് ലഭിച്ച സിനിമകളില്‍പ്പെടുന്നു.

അരനൂറ്റാണ്ടുകാലം മലയാള സിനിമയുടെ കലാപരമായ പരിവര്‍ത്തനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ സമ്മാനിക്കുകയും ചെയ്ത പ്രതിഭയാണ് ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയ ഹരിഹരനെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം.ടി വാസുദേവന്‍ നായരുടെ 13 തിരക്കഥകള്‍ക്കായി ഹരിഹരന്‍ ഒരുക്കിയ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ മലയാളത്തിലെ മുഖ്യധാര സിനിമയെ പ്രമേയപരമായി നവീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.

50 വര്‍ഷമായി മലയാള സിനിമയുടെ കലാപരമായ വളര്‍ച്ചയ്്ക്ക് നിദാനമായ നിര്‍ണായക ഘടകങ്ങളിലൊന്നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍. പുതിയ പ്രമേയങ്ങളും ദൃശ്യപരിചരണരീതികള്‍ പരീക്ഷിക്കുന്നതില്‍ ചലച്ചിത്രകാരന്‍മാര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരാന്‍ അവാര്‍ഡുകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു.

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഹരിഹരന് വേണ്ടി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഏറ്റുവാങ്ങി. മറ്റു ചലച്ചിത്രരചനാ അവാര്‍ഡുകളും ചടങ്ങില്‍ സമ്മാനിച്ചു. ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

വിവാദങ്ങളില്ലാതെ അര്‍ഹരെ അംഗീകരിക്കുന്ന പുരസ്‌കാരങ്ങളാണ് ചലച്ചിത്ര അവാര്‍ഡുകളെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. 2020 മുതല്‍ ടെലിവിഷന്‍ രംഗത്തും ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെ മാതൃകയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമായിരിക്കും അവാര്‍ഡ്. സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധിയിലായ സിനിമാമേഖല ഉണരുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകള്‍ സിനിമാമേഖല സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയും (ജെല്ലിക്കട്ട്), മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടും (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി), നടിക്കുള്ള പുരസ്‌കാരം കനി കുസൃതിയും (ബിരിയാണി) ഏറ്റുവാങ്ങി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ച വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍, നിര്‍മാതാവ് സിജു വില്‍സന്‍ എന്നിവരും മറ്റു വിഭാഗങ്ങളിലെ ജേതാക്കളും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള മറിയാമ്മ തോമസ്, ജൂറി അധ്യക്ഷരായ മധു അമ്പാട്ട്, ഡോ: രാജകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ സംബന്ധിച്ചു.