പോളിയോ പ്രതിരോധത്തിലേക്ക് രണ്ടു തുള്ളി നുണഞ്ഞ് കുരുന്നുകള്‍

post

കൊല്ലം:  ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയിലെ പള്‍സ് പോളിയോ വാക്‌സിന്‍ ബൂത്തിലേക്ക് അമ്മമാര്‍ കുഞ്ഞുങ്ങളുമായി കാത്തുനിന്നു. അക്കൂട്ടത്തിലേക്ക്  കൗതുകം പകര്‍ന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കൊച്ചുമകള്‍ അമാന ഫാത്തിമയ്ക്ക് തുള്ളിമരുന്ന് നല്‍കാനെത്തി. അമ്മയുടെ കയ്യില്‍  ഉറങ്ങിയ അമാനയ്ക്ക് എം. നൗഷാദ് എം.എല്‍.എ തുള്ളിമരുന്ന് പകര്‍ന്നു നല്‍കി. അതോടെ ജില്ലയിലെ പോളിയോ വാക്‌സിന്‍ യജ്ഞത്തിന് തുടക്കമായി. വിക്‌ടോറിയ ആശുപത്രിയില്‍ ജനിച്ച അമാന കലക്ടര്‍ക്കും അമ്മയ്ക്കും ഒപ്പമെത്തി പള്‍സ് പോളിയോ പ്രതിരോധ ദൗത്യത്തില്‍ പ്രഥമ പങ്കാളിയായി.
ജില്ലാതല ഉദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള  തീവ്രയജ്ഞമാണ് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പ് സാധ്യമാക്കുന്നതെന്ന്  എം.എല്‍.എ പറഞ്ഞു.
മേയര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷയായി. വാക്‌സിനേഷനുള്ള അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. അഞ്ചു വയസിന് താഴെയുള്ള 1,72,242 കുട്ടികള്‍  എത്തുമെന്നാണ് കണക്ക്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 772 കുട്ടികളും ജില്ലയിലുണ്ട്. 1,387 ബൂത്തുകളാണ് ജില്ലയില്‍ സജ്ജമാക്കിയത്. വാക്‌സിന്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് 20, 21 തീയതികളില്‍ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. പ്രധാന കവലകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി 37 ട്രാന്‍സിറ്റ് ബൂത്തുകളും, 47 മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിരുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി ഷേര്‍ളി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്.  ഹരികുമാര്‍, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, മാസ് മീഡിയ ഓഫീസര്‍ ഗീതാമണി അന്തര്‍ജ്ജനം, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.