സ്ത്രീകളേയും കുഞ്ഞുങ്ങളേയും ചേര്‍ത്ത് പിടിച്ച് വനിതാ ശിശുവികസന വകുപ്പ്

post

കാസര്‍കോട്: സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം  ലക്ഷ്യമിട്ട് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ പരിപാടികളാണ് ജില്ലയില്‍ നടന്നു വരുന്നത്. വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെയും അങ്കണവാടികളിലുടെയുമൊക്കെയായി  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി സേവനങ്ങളും സഹായങ്ങളും ലഭിക്കുന്നു. 

ഐസിഡിഎസിന്റെ 12 പ്രൊജക്ടുകളിലായി ജില്ലയില്‍ ആകെ 1348   അങ്കണവാടികളാണുള്ളത്. ആറ് മാസം മുതല്‍ മൂന്ന് വയസ്സ് വരെ പ്രയമായ 25231 കുട്ടികളും മൂന്ന്  വയസ്സ് മുതല്‍ ആറ് വയസ്സുവരെ പ്രായമായ 26971    കുട്ടികളും ഗര്‍ഭിണികളായ 6858 സ്ത്രീകളും 7439 പാലൂട്ടുന്ന അമ്മമാരും 340 കൗമാരക്കാരായ പെണ്‍കുട്ടികളും പദ്ധതിയുടെ ഭാഗമായുണ്ട്. പദ്ധതിയുടെ ഭാഗമായ മുഴുവന്‍ പേര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അങ്കണവാടികളിലൂടെ പോഷകാഹാരം വിതരണം ചെയ്യുന്നു. ജില്ലയിലെ 1348ല്‍ 1233 അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടമുണ്ട്. ഒമ്പത് അങ്കണവാടികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ 1340 അങ്കണവാടികള്‍ക്കും സ്വന്തമായി സ്ഥലം കണ്ടെത്തി കഴിഞ്ഞു. എട്ട് അങ്കണവാടികള്‍ക്ക് സ്ഥലം കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണ്. 

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം  ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതികള്‍: 

സുരക്ഷിതത്വം ഉറപ്പ് നല്‍കി വനിതാ സംരക്ഷണ കാര്യാലയം

വനിതകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, തൊഴിലിടങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലുമുള്ള പീഡനങ്ങള്‍ എന്നിവ അറിയിക്കാനും നിയമപരമായ സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കാനുമാണ് വനിതാ സംരക്ഷണ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. വനിതാ സംരക്ഷണ ഓഫീസര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ക്ക് ടെലിഫോണ്‍ വഴിയോ രേഖാമൂലമോ പരാതി നല്‍കാം.

'പടവുകള്‍' കയറാന്‍ കൂട്ടായി സര്‍ക്കാര്‍

ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ മക്കള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കാനായി പടവുകള്‍ എന്ന പേരില്‍ സ്‌കോള്‍ഷിപ്പ് നല്‍കുന്നുണ്ട്. 

പുനര്‍ വിവാഹത്തിന് 'മംഗല്യ'

നിയമപരമായി വിവാഹമോചനം നേടിയതോ വിധവകളാവുകയതോ ആയ 18 മുതല്‍ 50 വരെ പ്രായമുള്ള വനിതകള്‍ക്ക് മംഗല്യ എന്ന പേരില്‍ പുനര്‍ വിവാഹത്തിന് 25000 രൂപ ധന സഹായം നല്‍കുന്നു.

വാര്‍ധക്യത്തിലെത്തിയ വിധവകള്‍ക്ക് അഭയ കിരണം

50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് അഭയ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിമാസം 1000 രൂപ വീതം നല്‍കി വരുന്നു. ആസിഡ് ആക്രമണങ്ങളിലോ ലൈംഗികാതിക്രമങ്ങള്‍ക്കോ ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നല്‍കുന്ന ആശ്വാസ നിധിയിലൂടെ 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കി വരുന്നു.

സുരക്ഷിത ഗര്‍ഭകാലം ഉറപ്പ് നല്‍കി 'സീമന്തം'

സുരക്ഷിത ഗര്‍ഭാവസ്ഥയ്ക്കായി ഗര്‍ഭിണിയേയും കുടുംബാംഗങ്ങളേയും ആരോഗ്യ പോഷണ പരിചരണത്തിന് സജ്ജമാക്കുക, ആരോഗ്യ വകുപ്പില്‍ നിന്നും ഐ.സി.ഡി.എസില്‍നിന്നും ലഭ്യമാക്കുന്ന സേവനങ്ങളെക്കുറിച്ച് അവബോധം നല്‍കുക, ഗര്‍ഭാവസ്ഥയില്‍ ആവശ്യമായ പ്രത്യേക പരിചരണവും ശ്രദ്ധയും നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ബോധവത്ക്കരിക്കുക, പ്രധാനമന്ത്രി മാതൃവന്ദന യോജന, ജെ.എസ്.വൈ ആനുകൂല്യങ്ങളെക്കുറിച്ച് അവബോധം നല്‍കുക എന്നിവയാണ് സീമന്ത സംഗമം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 

കുഞ്ഞുങ്ങള്‍ക്കായി 'കുഞ്ഞൂണ്'

ആറു മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പൂരക പോഷകാഹാരം നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പദ്ധതിയാണ് കുഞ്ഞൂണ്. പദ്ധതിയിലൂടെ പ്രാദേശികമായി ലഭിക്കുന്ന പോഷക സമൃദ്ധമായ ആഹാരത്തെക്കുറിച്ചും മറ്റും ബോധവത്ക്കരണം നടത്തുന്നു.

കൗമാര പ്രായക്കാര്‍ക്ക് വര്‍ണ്ണസംഗമം

അങ്കണവാടികളിലെ കൗമാര ക്ലാസുകള്‍ ശക്തിപ്പെടുത്തുക, കൗമാരക്കാരില്‍ നേതൃ പാടവവും സാമൂഹിക അവബോധവും നല്‍കുക. ആരോഗ്യപരമായ ജീവിത ശൈലികള്‍ പരിചയപ്പെടുത്തുക, മാനസീകാരോഗ്യം പോഷിപ്പിക്കുക, കരിയര്‍ ഗൈഡന്‍സ് നല്‍കുക തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി നല്‍കുന്ന പരിപാടിയാണ് വര്‍ണ്ണ സംഗമം.

അമ്മയുടേയും കുഞ്ഞിന്റേയും പോഷണം ഉറപ്പുവരുത്താന്‍ പുരുഷന്‍മാര്‍ക്ക് അവബോധം നല്‍കുകയും പുരുഷന്‍മാരെ ഉത്തരവാദിത്തമുള്ള പിതൃത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ദമ്പതീ സംഗമം, പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും രോഗ നിരക്ക് കുറക്കുന്നത് സംബന്ധിച്ചുമുള്ള അവബോധം സൃഷ്ടിക്കാന്‍ നടത്തുന്ന നിര്‍മ്മല്‍ സംഗമം എന്നിവയും മികച്ച ജന പിന്തുണ ലഭിച്ച പരിപാടികളായിരുന്നു.