തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം; പരിശോധനകള്‍ കര്‍ശനമാക്കും

post

 അനുമതിയില്ലാതെ പ്രചാരണ വാഹനങ്ങള്‍ ഉപയോഗിക്കരുത്

 യോഗങ്ങള്‍ക്കും റോഡ് ഷോയ്ക്കും അനുമതി വാങ്ങണം

ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണംമദ്യം ഒഴുക്കു തടയാന്‍ പരിശോധനകള്‍ വ്യാപകമാക്കും. പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകളും ബാനറുകളും ബോര്‍ഡുകളും നീക്കും. ഇതിന്റെ ചെലവ് സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച നിരീക്ഷര്‍ വരണാധികാരികളുമായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

ആന്റീ ഡീഫേസ്‌മെന്റ്, സ്റ്റാറ്റിക് സര്‍വലെന്‍സ്, വീഡിയോ സര്‍വലെന്‍സ്, ഫ്‌ളൈയിങ് സ്‌ക്വാഡുകളുടെ നിരീക്ഷണം കര്‍ശനമാക്കും. വാഹനപരിശോധന വ്യാപകമാക്കും. രേഖകളില്ലാതെ പണം പിടികൂടിയാല്‍ പിടിച്ചെടുക്കും. അനുമതിയില്ലാതെ പ്രചാരണ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കും. മദ്യമൊഴുക്ക് തടയാന്‍ എക്‌സൈസ്‌പൊലീസ് പരിശോധനകള്‍ വ്യാപകമാക്കും. പോസ്റ്ററുകള്‍, നോട്ടീസുകള്‍ എന്നിവ അച്ചടിക്കുമ്പോള്‍ അവയുടെ എണ്ണം, ആരാണ് അച്ചടിച്ചത്, അച്ചടിച്ച സ്ഥാപനത്തിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ അവയില്‍ രേഖപ്പെടുത്തണം. അച്ചടി സ്ഥാപനങ്ങള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈവശം സൂക്ഷിക്കണം. റോഡ് ഷോ, തെരഞ്ഞെടുപ്പ് യോഗങ്ങള്‍ എന്നിവ നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണം.  

യോഗത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. പൊതുനിരീക്ഷകരായ ധരംവീര്‍ സിങ്, ഡോ. ജെ. ഗണേഷ്, നരേന്ദ്രകുമാര്‍ ഡഗ്ഗ, ചന്ദ്രശേഖര്‍, പോലീസ് നിരീക്ഷകന്‍ എം.ആര്‍. നായിക്ക്, ചെലവ് നിരീക്ഷകരായ വിരേന്ദര്‍ സിങ്, ബസന്ത് ഗര്‍വാള്‍, രഘുവന്‍ഷ് കുമാര്‍, ജില്ല പൊലീസ് മേധാവി ജെ. ജയ്‌ദേവ്, സബ് കളക്ടര്‍ എസ്. ഇലക്യ, വരണാധികാരികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.