പുതുപരീക്ഷണങ്ങളോടെ സംസ്ഥാന ശാസ്ത്രമേളയ്ക്ക് പടിയിറക്കം

post

തൃശ്ശൂര്‍: കുന്നംകുളത്ത് സമാപിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള പുതുപരീക്ഷണങ്ങള്‍ കൊണ്ടും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. 122 ഇനങ്ങളിലായി 5134 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 1718 ആണ്‍കുട്ടികളും 2427 പെണ്‍കുട്ടികളുമാണ് എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തില്‍ പങ്കെടുത്തത്. എല്‍ പി, യു പി ഉള്‍പ്പെടെയുള്ള സ്‌പെഷല്‍ സ്‌കൂള്‍ സ്‌കൂള്‍ ശാസ്ത്രമേളയില്‍ 989 കുട്ടികള്‍ പങ്കെടുത്തതില്‍ 573 പെണ്‍കുട്ടികളും 416 ആണ്‍കുട്ടികളും പങ്കെടുത്തു.

സമകാലികവും ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നതുമായ ഒട്ടേറെ വിഷയങ്ങളുമായാണ് കുട്ടികള്‍ അണിനിരന്നത്. പ്രളയത്തെ അതിജീവിക്കാനുള്ള പോംവഴികള്‍, പ്രകൃതി സംരക്ഷണത്തിനുള്ള ഉപാധികള്‍, കൃഷിയെ പരിപാലിക്കുന്ന ശാസ്ത്രീയ രീതികള്‍, ഐ ടി രംഗത്തെ പുത്തന്‍ സാധ്യതകള്‍, ഗണിത ശാസ്ത്രത്തിലെ പുതുമകള്‍ എന്നിവയെല്ലാം ശാസ്ത്രമേളയില്‍ ഏറെ ശ്രദ്ധേയമായി.

ഭിന്നശേഷിയുള്ള കുട്ടികളുടെയും ബധിരരായ കുട്ടികളുടെയും ശാസ്ത്ര വൈഭവങ്ങള്‍ പ്രവൃത്തി പരിചയമേളയില്‍ ഏറെ ചര്‍ച്ചയായി. ശാസ്ത്രമേളയില്‍ സയന്‍സ് വിഷയത്തില്‍ 18 ഇനങ്ങളും ഗണിത ശാസ്ത്രത്തില്‍ ഒന്‍പത് ഇനങ്ങളും സാമൂഹ്യ ശാസ്ത്രത്തില്‍ 15 ഇനങ്ങളും ഐടി യില്‍ 12 ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടന്നത്. 

പ്രവൃത്തി പരിചയമേളയില്‍ മാത്രം 68 ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഓരോ മത്സരത്തിന്റെയും ഫലങ്ങള്‍ വന്നയുടനെ തന്നെ വിജയികള്‍ക്ക് വ്യക്തിഗത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ സാധിച്ചു. സയന്‍സ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഐ ടി, പ്രവൃത്തി പരിചയമേള എന്നിവയില്‍ ഒന്നു മുതല്‍ മൂന്നു സ്ഥാനം വരെയുള്ള ജില്ലകള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ പട്ടവും സമ്മാനിച്ചു.