കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം: ജില്ലാ കളക്ടര്‍

post

ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് മാത്രം വാക്‌സിനേഷന്‍

പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ തിരക്ക് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

രണ്ടാം ഡോസ് മാത്രമാണ് കേന്ദ്രങ്ങളില്‍ നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ ആദ്യ ഡോസ് ലഭ്യമായ തീയതി അനുസരിച്ചായിരിക്കും രണ്ടാം ഡോസിന് ഇനി മുതല്‍ പ്രാധാന്യം നല്‍കുക. ഇതനുസരിച്ച് പ്രാധാന്യമുള്ളവരെ കണ്ടെത്തി ഓരോ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കാന്‍ ടോക്കണ്‍ നല്‍കും. കേന്ദ്രങ്ങളില്‍ ഓരോ ദിവസവും നല്‍കാന്‍ സാധിക്കുന്ന ഡോസുകളുടെ എണ്ണം / ടോക്കണിന്റെ എണ്ണം പോലീസിന് കൈമാറണം. പരമാവധി 100 ടോക്കണുകള്‍ മാത്രമേ ഒരു കേന്ദ്രത്തിന് അനുവദിക്കുകയുള്ളൂ. ഇതിന് പുറമേ ആരെയും കേന്ദ്രങ്ങളിലേക്ക് കടത്തിവിടില്ല.

സെക്കന്‍ഡ് ഡോസ് മാത്രമാണ് ലഭ്യമാക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കുക എന്നതാണ് പ്രധാനം. നിശ്ചിത എണ്ണം ടോക്കണ്‍ നല്‍കിയതിനു ശേഷം എത്തുന്നവരെ പോലീസ് വീടുകളിലേക്ക് തിരിച്ചുവിടും. പൊതുജനം അറിയുന്നതിനായി ടോക്കണ്‍ നല്‍കുന്നത് സംബന്ധിച്ച് ഓരോ കേന്ദ്രത്തിലും പോസ്റ്റര്‍/ ഫ്‌ളെക്‌സ് പതിപ്പിക്കാനും യോഗം തീരുമാനിച്ചു.  

ബേക്കറികളില്‍ ആള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി അഞ്ചു പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആളുകള്‍ കോവിഡ് മാനദണ്ഡം  പാലിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ ക്യൂവില്‍ അകലം പാലിച്ച് നില്‍ക്കണമെന്നും കട ഉടമകള്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു.