അറിവ് ഉറപ്പിച്ച് ഫയല്‍ എഴുത്ത് മത്സരം

post

പത്തനംതിട്ട: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഫയല്‍ എഴുത്ത് മത്സരം ശ്രദ്ധേയമായി.

കുറിപ്പ് ഫയല്‍, നടപ്പ് ഫയലിന്റെ ഫെയര്‍ കോപ്പി എന്നിവയായിരുന്നു മത്സരാര്‍ത്ഥികള്‍ തയ്യാറാക്കേണ്ടിയിരുന്നത്. പേജ് നമ്പര്‍, മൂന്നിലൊന്ന് മാര്‍ജിന്‍, ഖണ്ഡിക നമ്പര്‍, ഫയല്‍ നമ്പര്‍ എന്നിങ്ങനെ എല്ലാം വൃത്തിയായും വിശദമായും എഴുതിയിട്ടുള്ള കുറിപ്പ് ഫയലിന്റെ മാതൃകയാണ് എഴുതേണ്ടിയിരുന്നത്. നടപ്പുഫയലിന്റെ ഫെയര്‍കോപ്പിയില്‍ മാര്‍ജിന്‍, ഓഫീസ് തീയതി, ആര് ആര്‍ക്ക് എഴുതുന്നത്, ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയ സൂചന, വിഷയം, ഓഫീസറുടെ പേരും ഒപ്പും എല്ലാം തന്നെ കൃത്യതയോടെ എഴുതിയിട്ടുള്ളവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.

കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് റിനി റോസ് തോമസ് ഒന്നാം സ്ഥാനവും എല്‍.എ(ജനറല്‍) സീനിയര്‍ ക്ലര്‍ക്ക് എസ്.മഞ്ജു രണ്ടാം സ്ഥാനവും ക്ലര്‍ക്ക് കെ.എസ് ലേഖ മൂന്നാം സ്ഥാനവും നേടി.