തെരുവില്‍ കഴിയുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തി

post

കരുതലോടെ കൂടെയുണ്ട് പയ്യന്നൂര്‍ നഗരസഭ

കണ്ണൂര്‍ : കൊവിഡ് 19 രണ്ടാം തരംഗത്തില്‍ തെരുവോരവാസികള്‍ക്ക് തുണയായി പയ്യന്നൂര്‍ നഗരസഭ. പയ്യന്നൂരിലെ കടത്തിണ്ണകളിലും തെരുവോരത്തും കഴിയുന്നവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയാണ് നഗരസഭയുടെ കരുതല്‍. പയ്യന്നൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ താലൂക്കാശുപത്രി, മുത്തത്തി പകല്‍ വീട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. നഗരസഭാധ്യക്ഷ കെ വി ലളിതയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ താലൂക്കാശുപത്രി എന്‍ സി ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ .അബ്ദുള്‍ ജബ്ബാര്‍, പി ആര്‍ ഒ ജാക്‌സണ്‍ ഏഴിമല, സ്റ്റാഫ് നഴ്‌സ് ജിനിയ ജോസഫ് എന്നിവരടങ്ങിയ കൊവിഡ് കണ്‍ട്രോള്‍ മൊബൈല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

നഗരസഭാ പരിധിയില്‍ തെരുവുകളില്‍ അന്തിയുറങ്ങുന്ന 39 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. പരിശോധന നടത്തിയവരെല്ലാം കൊവിഡ് നെഗറ്റീവ് ആയി. ഇങ്ങനെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവുകയാണ് പയ്യന്നൂര്‍ നഗരസഭ.

പതിനഞ്ച് വര്‍ഷത്തിലധികമായി പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ധനലക്ഷ്മിക്ക് ചെവി കേള്‍ക്കില്ല. ഒട്ടും വയ്യെങ്കിലും എത്ര വിളിച്ചാലും അമ്മയും മകന്‍ മുത്തുവും തെരുവ് വിട്ടെങ്ങും പോവുകയുമില്ല. ആന്റിജന്‍ പരിശോധിക്കാനായി നഗരസഭാധ്യക്ഷയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെ കണ്ടപ്പോള്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് അന്തിയുറങ്ങുന്ന എണ്‍പതുകാരി ധനലക്ഷ്മിക്ക് ആകെ അങ്കലാപ്പായി. ഒടുവില്‍ മകന്‍ മുത്തുവാണ് ഒരു വിധത്തില്‍ അമ്മയെ സമ്മതിപ്പിച്ചത്.

ഇവര്‍ക്കു വേണ്ട ഭക്ഷണവും കരുതലും പയ്യന്നൂര്‍ നഗരസഭ ഉറപ്പു വരുത്തുന്നു. അനുയോജ്യമായ ഇടം കണ്ടെത്തി ഇവരെ പാര്‍പ്പിക്കും. തെരുവില്‍ കഴിഞ്ഞിരുന്ന പൂര്‍ണ ഗര്‍ഭിണിയായ പഞ്ചമിയെയും കുടുംബത്തെയും നഗരസഭ സുരക്ഷിതമായി താമസിപ്പിച്ചു വരുന്നുണ്ട്. ഇവരുടെയും ടെസ്റ്റ് നടത്തി. തെരുവില്‍ കഴിയുന്നവര്‍ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണവും നല്‍കി വരുന്നുണ്ട്.

അതിഥി തൊഴിലാളികള്‍ക്ക് ആന്റിജന്‍ പരിശോധനയും നഗരസഭ നടത്തിയിരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷ്യ കിറ്റും നല്‍കിയിരുന്നു.

നഗരസഭ ഉപാധ്യക്ഷന്‍ പി വി കുഞ്ഞപ്പന്‍, പൊതുമരാമത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.