തലശ്ശേരി-മാഹി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു

post

ആഹ്ളാദത്തിന്റെ ഡബിള്‍ ഡക്കറില്‍ കന്നിയാത്ര

അരനൂറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് കണ്ണൂർ ജില്ലയിലെ തലശ്ശേരി-മാഹി സ്വപ്നപാത നാടിന് സമര്‍പ്പിച്ചു. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരങ്ങള്‍ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ചോനാടത്ത് ഒരുക്കിയ സദസിലേക്ക് എത്തിയിരുന്നു. തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ച ശേഷം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെയും നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീറിന്റെയും നേതൃത്വത്തില്‍ കെ.എസ്.ആർ.ടി.സി ഡബിള്‍ ഡക്കര്‍ ബസിലാണ് ബൈപ്പാസ് റോഡിലൂടെ ആദ്യസവാരി നടത്തിയത്. തുറന്ന ബസില്‍ ബൈപ്പാസ് കടന്നുപോകുന്നതിനിടെയുള്ള പ്രകൃതി രമണീയമായ കാഴ്ചകള്‍ ആസ്വദിച്ചായിരുന്നു സവാരി. ചോനാടത്ത് നിന്ന് ആരംഭിച്ച് ബൈപ്പാസ് അവസാനിക്കുന്ന മുഴപ്പിലങ്ങാടെത്തി തിരിച്ച് ചോനാടത്തേക്കായിരുന്നു സവാരി. വിവിധ കലാപരിപാടികളോടെയായിരുന്നു ചടങ്ങിന് തുടക്കമായത്.

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ നീളത്തിലാണു ബൈപ്പാസ്. ധര്‍മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. 1516 കോടി രൂപയിലേറെ ചെലവിട്ടാണ് ബൈപ്പാസിന്റെ നിര്‍മാണം. പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റര്‍ നീളുന്ന പാലം ഉള്‍പ്പെടെ നാലു വലിയ പാലങ്ങള്‍, അഴിയൂരില്‍ റെയില്‍വേ മേല്‍പാലം, നാലു വലിയ അണ്ടര്‍പാസുകള്‍, 12 ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, അഞ്ചു സ്‌മോള്‍ വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, ഒരു വലിയ ഓവര്‍പാസ് എന്നിവ തലശ്ശേരി- മാഹി ബൈപാസില്‍ ഉള്‍പ്പെടുന്നുണ്ട്. നാലരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണു ദേശീയപാതയില്‍ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കു വഴി തുറന്നത്. ദേശീയപാത 66ന്റെ ഭാഗമായി ബാലം പാലത്തിനും പള്ളൂര്‍ സ്പിന്നിങ് മില്‍ ജങ്ഷനുമിടയില്‍ കൊളശ്ശേരിക്ക് സമീപം താല്‍കാലിക ടോള്‍പ്ലാസയും ഒരുക്കിയിട്ടുണ്ട്. ദേശീയപാത ബൈപ്പാസിനായി 1977ല്‍ ആരംഭിച്ച സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണു പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ട പ്രവൃത്തി വിവിധ പ്രകൃതിദുരന്തങ്ങള്‍ കാരണമാണ് നീണ്ടത്. ഉദ്ഘാടത്തിന്റെ ഭാഗമായി ചോനാടത്ത് നടത്തിയ പരിപാടിയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു. 


സര്‍ക്കാരിന് വികസനം ബോക്‌സിങ് മത്സരമല്ല: മന്ത്രി മുഹമ്മദ് റിയാസ്

വികസന പ്രവര്‍ത്തനങ്ങളെ ബോക്‌സിങ് മത്സരമായല്ല സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ വികസനം സാധ്യമാവുകയുള്ളൂവെന്നും മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്നതിനാലാണ് യാഥാര്‍ഥ്യമാകുന്നത്. ചരിത്രത്തില്‍ ആദ്യമായി ദേശീയപാത വികസനത്തിനായി ഫണ്ട് അനുവദിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. 5600 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളുമാണ് ഇടപെട്ടത്. കൂടാതെ പൊതുമരാമത്ത്, റവന്യു, വൈദ്യുതി, വ്യവസായം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ ദേശീയപാത വികസന പ്രവര്‍ത്തനത്തിനായി മുന്നില്‍ നിന്നു. ഇതുപോലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അനുഭാവപൂര്‍വമായ രീതിയിലാണ് എല്ലാ സമയത്തും ഇടപെട്ടത്. ദേശീയപാത വികസനം വേഗത്തില്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് അവലോകനം നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. 2025 ഓടെയാണ് ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതെങ്കിലും അതിനുമുമ്പ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാകും. തലശ്ശേരി-മാഹി ബൈപ്പാസ് കേരളത്തിന് അഭിമാന നിമിഷമാണ്. പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതുപോലെ പാലങ്ങളുടെ അടിഭാഗങ്ങളും പാര്‍ക്കുകള്‍ക്കും പൊതുപരിപാടികള്‍ക്കും ഉപയോഗപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പാക്കും. തലശ്ശേരി-മാഹി ബൈപ്പാസുകള്‍ക്കിടയില്‍ അത്തരം സ്ഥലങ്ങളുണ്ടെന്ന് സ്പീക്കര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ദേശീയപാത വകുപ്പുമായി കൂടിയാലോചിച്ച് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

യാഥാര്‍ഥ്യമായത് സ്വപ്നപാത: സ്പീക്കര്‍

നാലരപതിറ്റാണ്ടുകാലത്തെ ജനതയുടെ സ്വപ്നമാണ് തലശ്ശേരി-മാഹി ബൈപ്പാസിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ബൈപ്പാസ് യാഥാര്‍ഥ്യമാക്കിയത്.

ഓരോ ഘട്ടത്തിലും ഓരോ തടസങ്ങള്‍ നേരിട്ടു. ഒടുവില്‍ 2018ലാണ് തലശ്ശേരി-മാഹി ബൈപ്പാസിന്റെ പ്രവൃത്തി തുടങ്ങിയത്. മൂന്നുവര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ രണ്ടു പ്രളയവും കൊവിഡും കാരണം പദ്ധതി വീണ്ടും വൈകുകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. തലശ്ശേരി-മാഹി ബൈപ്പാസിന്റെ പേര് ചിലര്‍ ബോധപൂര്‍വ്വം മാറ്റാന്‍ ശ്രമിച്ച് തലശ്ശേരി നഗരത്തിന്റെ പ്രധാന്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ബൈപ്പാസിന്റെ വിവിധഭാഗങ്ങളിലെ പാലത്തിന്റെ അടിഭാഗങ്ങള്‍ പൊതുപരിപാടികള്‍ക്കും പാര്‍ക്കുകള്‍ക്കുമായി ഉപയോഗപ്പെടുത്തുന്ന രീതിയില്‍ മാറ്റാന്‍ കഴിയും. അതിനാവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. നിലവില്‍ ബൈപ്പാസ് കടന്നുപോകുന്ന 90 ശതമാനം സര്‍വീസ് റോഡുകളുടെയും പ്രവൃത്തി പൂര്‍ത്തിയായി. ബാക്കി പൂര്‍ത്തിയാക്കാന്‍ സ്ഥലമേറ്റെടുപ്പ് അടക്കം നടത്തണം. അതിന് ജനം ഒന്നിച്ചു നില്‍ക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.